തൊണ്ടിതിരിമറി ആൻ്റണി രാജുവിൻ്റെ സീനിയർ വനിതക്ക് മേൽ കെട്ടിവച്ച് സർക്കാർ; കേസ് വേണ്ടിവന്നാൽ സിബിഐക്ക് വിടുമെന്ന് സുപ്രീം കോടതി

ലഹരിക്കടത്ത് കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അണ്ടർവെയർ വെട്ടിത്തയ്ച്ചു ചെറുതാക്കിയ അഭിഭാഷകൻ ആൻ്റണി രാജുവിനെതിരെയുള്ള കേസിൽ അതിനീച നീക്കവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അടുത്തയിടെ മരിച്ചുപോയ മുതിർന്ന അഭിഭാഷക സെലിൻ വിൽഫ്രെഡിനെ കേസിലേക്ക് വലിച്ചിഴക്കുകയാണ് സർക്കാരിന് വേണ്ടി ഹാജരായ പിവി ദിനേശ് ചെയ്തത്. സീനിയറായിരുന്ന അഡ്വ.സെലിൻ ആകാം തൊണ്ടിയായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയത് എന്നായിരുന്നു കോടതിയിലെ പരാമർശം. എന്നാൽ ആൻ്റണി രാജുവിനോടുള്ള സർക്കാരിൻ്റെ നിലപാടുമാറ്റം തിരിച്ചറിഞ്ഞ കോടതി, വേണ്ടിവന്നാൽ കേസ് സിബിഐക്ക് വിടാൻതക്ക ഗൗരവമുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

മുൻപേതോ പോലീസ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന ന്യായം പറഞ്ഞാണ് മരിച്ചുപോയ സീനിയർ അഭിഭാഷകയെ തിരിമറിയുടെ ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചത്. ഇവരുടെ നിർദേശപ്രകാരമാകാം ജൂനിയറായിരുന്ന ആൻ്റണി രാജു തൊണ്ടിമുതൽ കോടതിയിൽ നിന്നെടുത്ത് തിരിമറി നടത്തിയത് എന്നാണ് സർക്കാർ വാദം. എന്നാൽ 1990 മുതലുള്ള അന്വേഷണത്തിൽ ഒരുഘട്ടത്തിലും ആൻ്റണി രാജു പോലും ഇത്തരമൊരു ഒരു മൊഴി നൽകിയിട്ടില്ല. ആരു പറഞ്ഞിട്ട് ചെയ്താലും കുറ്റം കുറ്റമല്ലാതാകുന്നില്ല എന്ന അടിസ്ഥാന വസ്തുത പോലും മറന്നിട്ടാണ് സർക്കാർ വാദമുന്നയിച്ചത്. പോരാത്തതിന് നല്ല നിയമപരിജ്ഞാനമുള്ള അഭിഭാഷകനാണ് പ്രതിയെന്ന പരിഗണന പോലുമില്ല.

തിരുവനന്തപുരം ബാറിലെ മുതിർന്ന അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 87ാം വയസിലാണ് മരിച്ചത്. അരനൂറ്റാണ്ടിലേറെ അഭിഭാഷക ആയിരുന്ന അവർ ഒട്ടേറെ കേസുകളിൽ സർക്കാരിന് വേണ്ടിയും ഹാജരായിരുന്നു. സർക്കാരും പോലീസും പ്രതിക്കൂട്ടിലായ ചെറിയതുറ വെടിവയ്പ് പോലെ പലതിലും സർക്കാരിൻ്റെ മുഖം രക്ഷിച്ചതും അവരായിരുന്നു. എന്നാലിപ്പോൾ സെലിൻ വിൽഫ്രഡ് മരിക്കാൻ കാത്തിരുന്നു, അവർക്ക് മേൽ കുറ്റംചാർത്തി ആൻ്റണി രാജുവിനെ രക്ഷിച്ചെടുക്കാൻ എന്നത് പോലെയായി സർക്കാർ നീക്കം. ആൻ്റണി രാജു അറിയാതെ ഇത്തരമൊരു നീക്കം സർക്കാർ പക്ഷത്ത് നിന്നുണ്ടാകില്ലെന്നും വ്യക്തം.

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ സെലിൻ വിൽഫ്രഡ് ആയിരുന്നു വക്കാലത്ത് ഏറ്റെടുത്തത്. ജൂനിയർ അഭിഭാഷകനായിരുന്ന ആൻ്റണി രാജുവും ചേർന്ന് നടത്തിയ കേസ് പക്ഷെ തോറ്റുപോയി. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി.ശങ്കരനാരായണൻ ഉത്തരവായി. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭനായിരുന്ന കുഞ്ഞിരാമ മേനോൻ വക്കീലിനെ ഇറക്കി. അത് ഫലംകണ്ടു; പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.

കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതോടെ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സിഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തുന്നു. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുന്നു. 1994ൽ ഇങ്ങനെ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി.

എന്നാൽ 2005 ഒടുവിലായപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്മേൽ മറിഞ്ഞു. കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐജി ടി.പി.സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റൻ്റ് കമ്മിഷണർ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്.ജോസ്, ആൻ്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം അതീവ ഗുരുതര കുറ്റങ്ങളാണ് ഉണ്ടായിരുന്നത്. തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. എട്ടുവർഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ൽ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു.

അവിടം മുതലിങ്ങോട്ട് 2022 വരെ 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ൽ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആൻ്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീണ്ടു. 2022 ജൂലൈയിൽ ഇക്കാര്യം പുറത്തുവന്നതോടെ ഹൈക്കോടതി ഇടപെടലുണ്ടായി. ഇതോടെ മുപ്പത് വർഷത്തോളം പഴക്കമുള്ള കേസ് റദ്ദാക്കാനായി ആൻ്റണി രാജു ആദ്യമായി കോടതിയെ സമീപിക്കുന്നു. പ്രതി ഉന്നയിച്ച സാങ്കേതിക പ്രശ്നങ്ങൾ അംഗീകരിച്ച കോടതി, ഏഴുമാസത്തിന് ശേഷം കേസ് റദ്ദാക്കുന്നു, എന്നാൽ പിഴവുകൾ പരിഹരിച്ച് പുതിയ അന്വേഷണം നടത്താൻ നിർദേശിക്കുന്നു. ഇതിനെതിരെ പ്രതി ആൻ്റണി രാജു സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതി പരിഗണിക്കുന്നത്.

അതേസമയം കേസ് ഗൗരവമെന്നും ആൻ്റണി രാജുവിൻ്റെ പങ്ക് വ്യക്തമാണെന്നും മുൻപ് റിപ്പോർട്ട് നൽകിയ സർക്കാർ ഇപ്പോൾ എന്താണ് നിലപാട് മയപ്പെടുത്തുന്നത് എന്ന് ഇന്ന് സുപ്രീം കോടതി ചോദിച്ചു. ആരെങ്കിലും ശിക്ഷിക്കപ്പെടുക എന്നതല്ല, നിയമം സംരക്ഷിക്കപ്പെടുക എന്നതാണ് പ്രധാനമെന്ന് പിവി ദിനേശ് ഉന്നയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിവസ്തുവിൽ തിരിമറി നടത്തിയത് ചെറിയ കാര്യമല്ല. വിഷയം അതീവ ഗൗരവമാണെന്നും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതിൽ കോടതി ഇടപെട്ടില്ലെങ്കിൽ പലർക്കും പ്രോത്സാഹനം ആകും. സത്യം കണ്ടെത്താൻ ഏതറ്റം വരെയും പോകും. വേണ്ടിവന്നാൽ കേസ് സിബിഐക്ക് വിടാൻ ഉത്തരവിടാൻ അധികാരമുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top