ചാപ്പ കുത്തൽ നാടകം, അനിൽ ആൻ്റണിയുടെ വാദം ഏറ്റെടുക്കാതെ സംസ്ഥാന ബിജെപി, ഉത്തരേന്ത്യൻ മോഡൽ വിവാദങ്ങൾ ക്ലച്ച് പിടിക്കില്ലെന്ന് നേതൃത്വം

കോഴിക്കോട്: സൈനികന്‍റെ മേൽ പിഎഫ്ഐ ചാപ്പ കുത്തിയെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും ബിജെപി ദേശീയസെക്രട്ടറി അനിൽ ആൻറ്ണി നിലപാട് തിരുത്താൻ തയ്യാറാകാത്തത് വിവാദമായിരിക്കുകയാണ്. സിപിഎമ്മിന് കീഴിൽ കേരളം തീവ്രഇസ്ലാമികകേന്ദ്രമായി മാറിയെന്നായിരുന്നു അനിലിന്‍റെ പ്രതികരണം.

സൈനികനെ മർദ്ദിച്ചശേഷം പോപ്പുലർ ഫ്രണ്ടിന്‍റെ ചുരുക്കപ്പേരായ ‘പിഎഫ്ഐ’ എന്ന് മുതുകിൽ എഴുതിയ സംഭവം കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രാജസ്ഥാനിൽ സൈനികനും കൊല്ലം ജില്ലയിലെ ചാണപ്പാറ ബിഎസ് നിവാസിൽ ഷൈൻ,  സുഹൃത്ത് ജോഷി എന്നിവരെയാണ് പോലീസ് പിടിച്ചത്. ജനശ്രദ്ധ നേടാനും പിഎഫ്ഐയോടുമുള്ള വിരോധവുമാണ് ഈ അക്രമനാടകത്തിന് പിന്നിൽ.

“ഒരു ഇന്ത്യൻ സൈനികനെ ചിലർ പിടിച്ച് വെച്ച് കൈകൾ ബന്ധിച്ച് മുതുകിൽ പെയിന്റ് കൊണ്ട് പിഎഫ്ഐ എന്ന് എഴുതി. ഇതാണ് കേരളത്തിന്‍റെ ഞെട്ടിപ്പിക്കുന്ന അവസ്ഥ. ഇതേക്കുറിച്ച് സിപിഎമ്മിൽ നിന്നോ കോൺഗ്രസ്സിൽ നിന്നോ ഒരു നേതാവ് പോലും പ്രതികരിച്ചില്ലെന്നാണ് ഏറ്റവും സങ്കടകരമായ കാര്യം.” എന്നാണ് അനിൽ ആൻറ്ണി ട്വിറ്ററിൽ പ്രതികരിച്ചത്.

ചാപ്പ കുത്തൽ നാടകം പൊളിഞ്ഞതോടെ സംസ്ഥാന ബിജെപി നേതൃത്വം പോലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഉത്തരേന്ത്യന്‍ ബിജെപി നേതാക്കളുടെ മാതൃകയിൽ വ്യാജപ്രചരണം നടത്തുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ബിജെപി ദേശീയ വക്താവ് അനിൽ ആൻറ്ണിയുടെ വാദങ്ങൾ ഏറ്റുപിടിക്കാൻ സംസ്ഥാന ബിജെപിയിലെ നേതാക്കളാരും തയ്യാറായില്ല.

സൈനികന്‍റെ  പരാതി വ്യാജമാണെന്ന് തെളിഞ്ഞപ്പോൾ  തെറ്റ് പറ്റിയെന്ന് സമ്മതിക്കാതെ  വിമർശനത്തിന് പ്രസക്തിയുണ്ടെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് അനിൽ ചെയ്തത്. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെന്നുമായിരുന്നു അനിലിന്‍റെ  ആരോപണം. സൈനികന്‍റെ വിഷയം ഉയർത്തി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണിയുടെ മകന്‍റെ തീവ്രഹിന്ദുത്വനിലപാടുകളോട് കേരളത്തിലെ ബിജെപി നേതൃത്വത്തിനുപോലും താൽപര്യമില്ലായെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ മൗനം തെളിയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top