കെപിസിസിക്ക് ഇനി യുവത്വത്തിൻ്റെ കരുത്ത്; റോജി എം.ജോണോ ഹൈബിയോ കുഴൽനാടനോ പ്രസിഡൻ്റാകും; ക്രിസ്ത്യൻ പ്രാതിനിധ്യം നിർബന്ധമെന്ന് ധാരണ

എകെ ആൻ്റണി 32 വയസിലും കെ മുരളീധരൻ 44 വയസിലും കെപിസിസി പ്രസിഡൻ്റായത് ഒഴിച്ചുനിർത്തിയാൽ 50ൽ താഴെയാരും സമീപകാലത്തെങ്ങും കേരളത്തിലെ കോൺഗ്രസിൻ്റെ തലപ്പത്ത് എത്തിയിട്ടില്ല. പിപി തങ്കച്ചന് ശേഷം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നൊരാളെയും ഈ സ്ഥാനത്തേക്ക് നിയമിച്ചിട്ടുമില്ല. ഈ രണ്ട് കാര്യങ്ങളും പരിഗണിച്ചാണ് തീർത്തും അപ്രതീക്ഷിതമായൊരു നീക്കത്തിന് ഹൈക്കമാൻഡ് തയ്യാറെടുക്കുന്നത്. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയെ നിയമിച്ചത് അടക്കം പരീക്ഷണങ്ങളിലൂടെ യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിയുകയും പിന്നീട് ഭരണത്തിലെത്തുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണ് രാഹുൽ ഗാന്ധി മുൻകൈയ്യടുത്ത് ഈ നീക്കം നടത്തുന്നത്. ഉമ്മൻ ചാണ്ടിക്ക് ശേഷം ഒരു ക്രിസ്ത്യൻ നേതാവിൻ്റെ അഭാവം വിവിധ സഭാവിഭാഗങ്ങളിൽ സജീവ ചർച്ചയുമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം വലിയ തോതിൽ കോൺഗ്രസിന് അനുകൂലമായി ഉണ്ടായിരുന്നു.

രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ലോക്സഭയിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്ക് പിന്നാലെയാകും പുനസംഘടന നടക്കുക. നിലവിൽ എഐസിസി സെക്രട്ടറിയായ റോജി എം.ജോണിനാണ് ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നത്. കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന റോജിയുടെ പ്രവർത്തനങ്ങളിൽ ഡി.കെ.ശിവകുമാർ അടക്കം നേതാക്കൾ വലിയ മതിപ്പ് പ്രകടിപ്പിച്ചിരുന്നു. എൻ എസ് യു പ്രസിഡൻ്റ് എന്ന നിലയിലും റോജിയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. രാഹുൽ ഗാന്ധിയുടെ പിന്തുണയും റോജിക്കുണ്ട്. സിറോ മലബാർ സഭയിൽപെട്ട റോജി എല്ലാ സഭകളുമായും നല്ല അടുപ്പം പുലർത്തുന്നുണ്ട്. ഇതും ഗുണകരമാകും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പിന്തുണയും റോജിക്കുണ്ട്. 42കാരനായ റോജിയെ പാർട്ടി ചുമതല ഏല്പിച്ചാൽ യുവജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്നും ഹൈക്കമാൻ്റ് വിലയിരുത്തുന്നുണ്ട്.

താരതമ്യേന ചെറുപ്പക്കാരായ നേതാക്കളെ പാർട്ടിയുടെ ചുമതല ഏൽപ്പിച്ച സംസ്ഥാനങ്ങളിലെല്ലാം അടുത്തയിടെ കോൺഗ്രസിന് മികച്ച നേട്ടം കൊയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഉത്തർ പ്രദേശ്, തെലങ്കാന, മഹാരാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡൻ്റുമാരെല്ലാം 55 വയസിൽ താഴെയുള്ളവരാണ്. പാലക്കാട്, ആലത്തൂർ, വയനാട് ഉപതിരഞ്ഞെ ടുപ്പുകൾ മൂന്നോ നാലോ മാസത്തിനകം ഉണ്ടാകാൻ സാധ്യതയുണ്ട്. വരാനിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരമാവധി സീറ്റുകൾ നേടാൻ പാകത്തിൽ പാർട്ടിയെ സജീവമാക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായാണ് പുനസംഘടന ആലോചിക്കുന്നത്.

കണ്ണൂരിൽ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടിയ കെ.സുധാകരനെ മാന്യമായി മാത്രമേ സ്ഥാനത്ത് നിന്ന് നീക്കാവൂ എന്ന നിർബന്ധവും ഹൈക്കമാൻ്റിനുണ്ട്. അദ്ദേഹത്തിന് ദേശീയ തലത്തിൽ പുതിയ പദവി നൽകിയേക്കും. മിക്കവാറും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിടയുള്ള സംസ്ഥാനങ്ങളുടെ ചുമതല നൽകാനും സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top