സംസ്ഥാന ചലചിത്ര പുരസ്കാര വിവാദം; രഞ്ജിത്തിനെതിരായ പരാതിയില്‍ അന്വേഷണത്തിന് നിർദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ സംവിധായകന്‍ വിനയന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിക്ക് നേരിട്ട് ലഭിച്ച പരാതിയിലാണ് നടപടി.

’19-ാം നൂറ്റാണ്ട്’ എന്ന ചിത്രത്തെ പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി സാമൂഹിക മാധ്യങ്ങളിലൂടെ രംഗത്തെത്തിയ സംവിധായകന്‍ വിനയന്‍ തെളിവെന്ന നിലയില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി സമർപ്പിച്ചിരുന്നു.

വിവാദത്തില്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും എഐവൈഎഫും പരാതി നൽകിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമിക്ക് പുറത്തുള്ളവരെ കൊണ്ട് പരാതിയില്‍ അന്വേഷണം നടത്തണമെന്നാണ് എഐവെെഎഫിന്റെ ആവശ്യം. ജൂറി അംഗങ്ങളുടെ ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ ഗുരുതരമാണ്. അവാർഡിന്റെ  ശോഭ കെടുത്തുന്നതാണ് രഞ്ജിത്തിനെതിരെ ഉയർന്നിരിക്കുന്ന പരാതി. ആരോപണങ്ങളില്‍ അന്വേഷണം നടത്തി, കുറ്റക്കാരനെന്ന് കണ്ടാല്‍ സ്ഥാനത്തുനിന്ന നീക്കണമെന്നും ടി ടി ജിസ്മോന്‍ പരാതിയില്‍ പറയുന്നു.

നേരത്തെ, വിഷയത്തില്‍ പ്രതികരിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിനയന്റെ ആരോപണങ്ങള്‍ തള്ളിയിരുന്നു. ചലചിത്ര പുരസ്കാരത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടന്നെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പുരസ്കാര നിർണയത്തില്‍ ജൂറിക്ക് മാത്രമാണ് അധികാരമുള്ളതെന്നും ഇക്കാര്യത്തില്‍ പുനഃപരിശോധനയുണ്ടാകില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top