ഇനി സമര വഴിയിൽ; സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്

തിരുവനന്തപുരം: വർഷങ്ങളായി ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരും സ്കൂൾ അധ്യാപകരും സമരത്തിലേക്ക്. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് സ്കൂൾ ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ ജനുവരി 24ന് പണിമുടക്ക് നടത്താനാണ് തീരുമാനം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് രണ്ട് തവണ അധികാരത്തിൽ വന്ന സർക്കാരാണിത്. എന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

മൂന്നര വർഷമായി ക്ഷാമബത്ത നൽകിയിട്ട്. വരുന്ന ജനുവരി ആകുമ്പോൾ 7 ഗഡു കുടിശികയാകും. 2019ലെ ശമ്പള പരിഷ്കരണ കുടിശിക ഇതുവരെ നൽകിയിട്ടില്ല. ലീവ് സറണ്ടർ നാല് വർഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. കൂടാതെ അധ്യാപക നിയമനം ഉൾപ്പെടെ അട്ടിമറിച്ചു. ഇത്തരം നടപടികൾക്കെതിരെയാണ് പ്രതിഷേധമെന്ന് ജയകുമാർ പറഞ്ഞു. പെൻഷൻകാർക്ക് നൽകുന്ന ക്ഷാമാശ്വാസവും കുടിശികയുണ്ട്. ഇതിനെല്ലാം പുറമെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് നിർത്തലാക്കി ആരംഭിച്ച മെഡിസെപ്പ് പദ്ധതിയുടെ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കുന്നില്ല. കുടിശിക നൽകാനുള്ളതിനാൽ പല ആശുപത്രികളും മെഡിസെപ്പിൽ നിന്ന് പിന്മാറിയതും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ക്ഷാമബത്ത കുടിശിക നൽകാത്തതിനെതിരെ നൽകിയ കേസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ പരിഗണനയിലാണ്. കുടിശിക എന്ന് നൽകുമെന്ന് ഈ ഡിസംബർ 11ന് അറിയിക്കണമെന്നാണ് ട്രൈബ്യുണൽ സർക്കാരിന് നൽകിയ നിർദേശം. ഇത്രയൊക്കെ ആയിട്ടും ഇതുവരെ ഒരു ചർച്ചയ്ക്ക് പോലും സർക്കാർ തയാറായിട്ടില്ലെന്നും വിമർശനമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top