മാധ്യമങ്ങളെ ഒപ്പംനിര്‍ത്താന്‍ പരസ്യക്കുടിശ്ശിക തീര്‍ക്കുന്നു; മുഖ്യമന്ത്രി തിരികെയെത്തിയാല്‍ ആദ്യ തീരുമാനം ഇതില്‍; പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കരുതലോടെ നീങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : മാധ്യമങ്ങളുടെ പരസ്യക്കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 100 കോടി രൂപയോളമാണ് പരസ്യക്കുടിശികയായി നിലവിലുളളത്. ഇത് തീര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. വിദേശ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയെത്തിയാല്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഉത്തരവിറങ്ങും. പത്ര, ദൃശ്യ. ശ്രവ്യ മാധ്യങ്ങള്‍ക്ക് പരസ്യം നല്‍കിയതിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ടെന്‍ഡര്‍, നോണ്‍ ടെന്‍ഡര്‍ പരസ്യങ്ങളുടെ വിവരങ്ങള്‍ അടിയന്തരമായി അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇലക്ട്രോണിക് പരസ്യം നല്‍കുന്നത് പി.ആര്‍.ഡി (ഡി) സെക്ഷനില്‍ നിന്നാണ്. ടെന്‍ഡര്‍ – നോണ്‍ ടെന്‍ഡര്‍ പരസ്യങ്ങള്‍ നല്‍കുന്നത് പി ആര്‍.ഡി (ജി), (ഡി) വകുപ്പുകളാണ്. എല്ലാ പരസ്യങ്ങളുടെയും കുടിശിക സമാഹരിക്കാന്‍ പി.ആര്‍.ഡി ഈ മാസം 6 ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കേരളീയം, നവകേരളം പരിപാടികളുടെ പരസ്യങ്ങളുടെ അടക്കം പണം ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
മാധ്യമങ്ങളെ കൂടെ നിര്‍ത്തി പ്രതിച്ഛായ വര്‍ദ്ധനയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദേശയാത്രയെ കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് മടങ്ങിയെത്തിയ ആദ്യ തീരുമാനം എന്ന നിലയില്‍ ഇത് നടപ്പിലാക്കുന്നതിലെ ലക്ഷ്യമെന്ന് ഇപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോക കേരളസഭ കൂടി നടക്കാനിരിക്കെ ഇനിയും പരസ്യങ്ങള്‍ നല്‍കാനാണ് തീരുമാനം.
അടുത്ത രണ്ട് വര്‍ഷങ്ങളിലായി തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളെ കൂടെ നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ മാധ്യമങ്ങളോട് നല്ല ബന്ധമല്ല സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. പലപ്പോഴും രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ നിലപാടില്‍ ഒരുമാറ്റമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മാപ്ര പോലുള്ള പദങ്ങള്‍ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ അക്ഷേപിക്കുന്നത് അവസാനിപ്പിക്കാനും സഖാക്കള്‍ക്ക് സിപിഎം നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലത്തടക്കം മാധ്യങ്ങളില്‍ സിപിഎമ്മും ഫുള്‍പേജ് പരസ്യങ്ങള്‍ നല്‍കിയിരുന്നു. ദൃശ്യമാധ്യമങ്ങള്‍ക്കും വാരിക്കോരിയാണ് പരസ്യം നല്‍കിയത്. മാധ്യമങ്ങളെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ക്ഷേമപെന്‍ഷന്‍ കുടിശിക നല്‍കുന്നതിന് പോലും മുന്‍ഗണന നല്‍കാതെ പരസ്യക്കുടിശിക നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഏഴ് മാസത്തെ കുടിശകയാണ് ക്ഷേമപെന്‍ഷനിലുളളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here