നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെ തീവ്രശ്രമം; കേന്ദ്രമൃഗസംരക്ഷണ വകുപ്പിന്റെ നാലംഗസംഘം സര്‍വേ നടത്തും

കോഴിക്കോട്: ഇത്തവണ കോഴിക്കോട് പടര്‍ന്നുപിടിച്ച നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ ആരോഗ്യവകുപ്പ്. ഓഗസ്റ്റ്‌ 30 നാണ് മരുതോങ്കരയിലെ ഇ. മുഹമ്മദലി നിപ്പ ബാധിച്ചു മരിച്ചത്. നിപ്പയുടെ നാലാം തരംഗത്തിലെ ആദ്യത്തെ മരണമായിരുന്നു ഇത്.

മുഹമ്മദലിയുടെ കുടുംബത്തിലോ പരിസരങ്ങളിലോ അസ്വഭാവിക മരണങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലാത്തതിനാല്‍ മറ്റിടങ്ങളില്‍ നിന്നാകാം നിപ്പ ബാധിച്ചതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. നിപ്പ ബാധിച്ചു രണ്ടാമത് മരണപെട്ട ആയഞ്ചേരി സ്വദേശി എം. ഹാരിസ് ഉള്‍പ്പടെ അഞ്ചു പേര്‍ക്കും മുഹമ്മദലിയില്‍ നിന്നാണ് വൈറസ്‌ പടര്‍ന്നത്. മുഹമ്മദലിയുടെ ഒന്‍പതു വയസ്സുള്ള മകനും സഹോദരിയുടെ ഭര്‍ത്താവും നിപ്പ ബാധിതരാണ്.

വൈറസിന്‍റെ ജനിതകഘടന പരിശോധിച്ച് ഇത് സ്ഥിരീകരിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. മുഹമ്മദലിയെയും ഹാരിസ്സിനെയും ബാധിച്ച നിപ്പ വൈറസുകളുടെ ജനിതകഘടനയുടെ മാതൃക ഒന്നാണെങ്കില്‍ രണ്ടുപേരുടേയും വൈറസിന്‍റെ ഉറവിടം ഒന്നാണെന്ന് സ്ഥിരീകരിക്കാം. ലെവല്‍- 4 ലാബുകളില്‍ മാത്രമേ ഈ പരിശോധന സാധ്യമാകു. പൂനെ വൈറോജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടാന്‍ സാധ്യതയുണ്ട്.

ഓഗസ്റ്റ്‌ 22നാണ് മുഹമ്മദലിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അങ്ങനെയെങ്കില്‍ അഞ്ചോ ആറോ ദിവസങ്ങള്‍ക്കു മുന്‍പായിരിക്കണം വൈറസ്‌ ബാധിച്ചത്. പോലീസിന്റെ സഹായത്തില്‍ മുഹമ്മദലി സഞ്ചരിച്ച സ്ഥലങ്ങള്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വൈറസ്‌ പടരാനുണ്ടായ സാഹചര്യങ്ങളുണ്ടോയെന്ന് നിരീക്ഷിക്കും.

കേന്ദ്ര സര്‍ക്കാറിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ നാലംഗസംഘം ഇന്ന് മുതല്‍ രണ്ടു ദിവസത്തേക്ക് ജില്ലയില്‍ ഫീല്‍ഡ് ഇന്‍വസ്റ്റിഗേഷന്‍ നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top