കായികമേളയിൽ പോലീസും വിദ്യാർഥികളും തമ്മിൽ കയ്യാങ്കളി; സമാപന ചടങ്ങുകൾ നേരത്തേ അവസാനിപ്പിച്ചു

സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ സംഘർഷം. മികച്ച സ്കൂളുകളുടെ പട്ടികയിൽ ജിവി രാജ സ്കൂളിനെ ഉൾപ്പെടുത്തിയത് പ്രതിഷേധത്തിന് കാരണമായി. ഇത് പോലീസും വിദ്യാർഥികളും തമ്മിൽ കൈയാങ്കളിയിൽ കലാശിച്ചു. സംഘർഷം രൂക്ഷമായതോടെ സമാപന ചടങ്ങുകൾ നേരത്തേ അവസാനിപ്പിച്ചു.
ജിവി രാജ സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയെന്ന വിദ്യാർഥികളുടെ ആരോപണമാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
നാവാമുകുന്ദ, മാർ ബേസിൽ സ്കൂൾ വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇരിക്കെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു.
Also Read: സ്കൂൾ കായികമേളയിൽ ചരിത്രം സൃഷ്ടിച്ച് മലപ്പുറം; തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാര്‍
കായിക മേളയിൽ തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യൻമാർ. തൃശൂർ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി. കായികമേളയിലെ അത്‌ലറ്റിക്‌സിൽ 22 സ്വർണമടക്കം 247 പോയിന്‍റുമായി മലപ്പുറം ജില്ല കിരീടം സ്വന്തമാക്കിയി. ചരിത്രത്തിലാദ്യമാണ് ജില്ല ഈ നേട്ടം കൊയ്യുന്നത്. ഗെയിംസിൽ തിരുവനന്തപുരമാണ് ജേതാക്കൾ. മലപ്പുറം ജില്ലയിലെ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരിക്കാണ് അത്‌ലറ്റിക്‌സിൽ സ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here