ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ടയര്‍ തെറിച്ചുവീണ് തലയിലിടിച്ചു; ഫാസ്ടാഗ് കൗണ്ടറിലെ ജീവനക്കാരന് ദാരുണാന്ത്യം
തൃശൂര്‍: കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ തെറിച്ചുവീണ് ഒരാള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ ഹൈവേയില്‍ താത്കാലിക ഫാസ്ടാഗ് കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പികെ ഹെബിന്‍ (45) ആണ് മരിച്ചത്. ഉച്ച കഴിഞ്ഞാണ് തൃശൂര്‍ നടത്തറ ഹൈവേയില്‍ അപകടം നടന്നത്.
കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ ഓട്ടത്തിനിടെ ഊരിപ്പോകുകയായിരുന്നു. തെറിച്ചുവീണ ടയര്‍ ഹെബിന്റെ തലയിലിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലോറി അപകടങ്ങള്‍ നിത്യസംഭവങ്ങളാകുന്നതിനിടെയാണ് ഈയൊരു ദുരന്തം കൂടി നടന്നത്. ഇന്നു മാത്രം രണ്ട് പേരാണ് വ്യത്യസ്ത ലോറി അപകടങ്ങളില്‍ മരിച്ചത്. കണ്ണൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രങ്ങള്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും വാഗ്ദാനങ്ങള്‍ വെറും വാക്കുകളില്‍ ഒതുങ്ങുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here