ആരാണ് ‘ആ സംഘാടക സമിതി’യെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിന് സ്റ്റേ

കൊച്ചി: നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് തിരിച്ചടി. കോടതിയുടെ അനുമതി ഇല്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. കാസർഗോഡ് സ്വദേശിയായ ഫിലിപ്പ് നൽകിയ ഹർജിയിലാണ് നടപടി. സ്കൂൾ ബസുകൾ വിദ്യാഭ്യാസേതര പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു .

ആളുകളെ എത്തിക്കാൻ നവകേരള സദസ് സംഘാടക സമിതി ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ വിട്ടുനൽകണമെന്നായിരുന്നു ഉത്തരവ്. ആരാണ് ഈ സംഘാടക സമിതിയെന്നും അവർ ആവശ്യപ്പെട്ടാൽ അത് പൊതുആവശ്യമാകുമോ എന്നുമുള്ള ചോദ്യമുയർത്തിയാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തതത്. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം പറയുന്നത്. അതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പ്രവർത്തി ദിവസങ്ങളിൽ പോലും അധ്യാപകരും മറ്റു സ്കൂൾ ജീവനക്കാരും നവകേരള സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വാക്കാലുള്ള നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം നിർദേശങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളേയും മോശമായി ബാധിക്കുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. തുടർന്ന് ഈ വാദം ശരിവച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top