ന്യൂ മാഹിയില്‍ റോഡരികില്‍ ബോംബ്; പാനൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; കണ്ണൂരില്‍ ആശങ്ക തുടരുന്നു
കണ്ണൂരില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ്. ന്യൂ മാഹി പെരിങ്ങാടിയിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. തലശ്ശേരി-മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പാനൂര്‍ ചെണ്ടയാട് റോഡില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുണ്ട്. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്നലേയും കണ്ണൂരിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തിയിരുന്നു. കൂത്തുപറമ്പ് ആമ്പിലാടുളള ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ സ്ഫോടനമുണ്ടായിതിന് പിന്നാലെ ജില്ലയില്‍ പോലീസ് വ്യാപകമായി പരിശോധന നടക്കുകയാണ്. ആളൊഴിഞ്ഞ പറമ്പുകള്‍, പൂട്ടികിടക്കുന്ന വീടുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഈ പരിശോധനയിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.
പറമ്പിന്റെ ഒരു ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. കഴിഞ്ഞ ദിവസമാണ് എരഞ്ഞോളിയിലെ ഒഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചത്. പറമ്പില്‍ നിന്നും ലഭിച്ച വസ്തു തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here