അവയവക്കച്ചവടത്തിൽ പണം സ്വീകരിക്കാൻ ‘സ്റ്റെമ്മാ ക്ലബ്’; മെഡിക്കൽ ടൂറിസത്തിൻ്റെ മറവിൽ മനുഷ്യക്കടത്തിനായി തുറന്ന സ്ഥാപനം എറണാകുളത്ത്

അവയവമാറ്റ ശസ്ത്രക്രിയകൾക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഘം നേരിട്ട് നിയന്ത്രിച്ച സ്ഥാപനം സ്റ്റെമ്മാ ക്ലബ്ബിൻ്റെ കാര്യത്തിൽ അടിമുടി ദുരൂഹത. ഗൂഗിൾ സെർച്ചിൽ ഇത് എറണാകുളം ജില്ലയിലെ കുഴിവേലിപ്പടിയിൽ ആണെന്ന് കാണാമെങ്കിലും കമ്പനിയെ സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ല. വെബ്സൈറ്റോ ഒരു ഫോട്ടോയോ പോലും ലഭ്യമല്ല. കമ്പനി ഡയറക്ടർമാരുടെ വിവരങ്ങൾ അടക്കം പ്രൊഫൈൽ ലഭ്യമാക്കുന്ന സൈറ്റുകളിൽ തിരഞ്ഞാലും ഒന്നും കാണാനില്ല.

മെഡിക്കൽ ടൂറിസം മറയാക്കിയായിരുന്നു അവയവ മാഫിയയുടെ പ്രവർത്തനം. ഇതേ കാര്യം കാണിച്ചാണ് സ്റ്റെമ്മാ ക്ലബ്ബ് റജിസ്റ്റർ ചെയ്തിരുന്നത് എന്നാണ് സൂചന. ഇപ്പോഴും ഒളിവിലുള്ള ഒന്നാം പ്രതി മധു ജയകുമാറിൻ്റെ പേരിലായിരുന്നു കുഴിവേലിപ്പടിയിലെ കെട്ടിടം വാടകക്ക് എടുത്തിരുന്നത്. പോലീസ് കേസെടുക്കുകയും മുഖ്യകണ്ണികൾ പിടിയിലാകുകയും ചെയ്തതോടെ തെളിവുകൾ മുക്കാൻ വെബ്സെറ്റ് പിൻവലിച്ചു എന്നാണ് കരുതുന്നത്. ഇതാണ് കൂടുതൽ ദുരൂഹമാകുന്നത്. സംഘത്തിൻ്റെ ഗൂഡാലോചനയുടെ ഏറ്റവും പ്രധാന കേന്ദ്രമായി അന്വേഷണസംഘം ഹൈക്കോടതിയിൽ ഉന്നയിച്ചത് ഈ സ്ഥാപത്തിൻ്റെ പ്രവർത്തനമാണ്.

മൂന്നാംപ്രതി സജിത് ശ്യാമിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ജസ്റ്റിസ് സിഎസ് ഡയസ് സ്റ്റെമ്മാ ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തുപറഞ്ഞിട്ടുണ്ട്. ഇറാനിൽ എത്തിച്ച് അവയവം എടുത്തവർക്ക് ആർക്കും വാഗ്ദാനം ചെയ്ത തുക നൽകിയിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയച്ച ചിലരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. പാലക്കാട് സ്വദേശിയടക്കം ചിലരെ പോലീസ് തിരഞ്ഞെങ്കിലും ബന്ധുക്കൾക്കും അറിവില്ല. ഇങ്ങനെയെല്ലാം പാവങ്ങളുടെ അവയമൂരി വിൽപനക്ക് വച്ച സംഘം അതിലൂടെ സമ്പാദിച്ച പണമെല്ലാം കൈമാറിയത് സ്റ്റെമ്മാ ക്ലബ്ബിൻ്റെ അക്കൌണ്ടിലൂടെ ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

രാജ്യത്തെ ചില പ്രധാന ആശൂപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങളും ഇതേ സ്ഥാപനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ലഭിച്ചിട്ടുള്ളതായി സൂചനയുണ്ട്. ഇവർക്ക് തട്ടിപ്പിലോ മനുഷ്യക്കടത്തിലോ പങ്കുണ്ടോയെന്ന് വ്യക്തമായിട്ടില്ല. സ്റ്റെമ്മാ ക്ലബ്ബിൻ്റെ അക്കൌണ്ട് വിവരങ്ങളും റജിസ്ട്രേഷൻ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top