ഇന്നും അതിജീവനത്തിനായി പൊരുതുന്നവര്‍; മുണ്ടക്കൈയുടെ മനസ് ഇവര്‍ക്കറിയാം
കേരളത്തിൻ്റെ കരളലിയിപ്പിക്കുന്ന വാർത്തകളാണ് വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 176 പേരുടെ ജീവനാണ് ഇതുവരെ നഷ്ടപ്പെട്ടത്. മുണ്ടക്കൈ, മലയാളികളുടെ കണ്ണുനീരായി മാറിയെങ്കിലും അതിജീവനത്തിൻ്റെ വഴിയിലുള്ള നൂറുകണക്കിനാളുടെ മനസിലേക്ക് അത് പെയ്തിറങ്ങുന്നത് അവരുടെ സ്വന്തം അനുഭവമായിട്ടാണ്. ഉരുൾപൊട്ടലിൻ്റെ രൂപത്തിലെത്തിയ ദുരന്തത്തിന് ഇരയായി ഇന്നും ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത ഓർമകളുടെ ഒരു കൊള്ളിയാനാണ് വയനാട്ടിൽ നിന്നുള്ള വാർത്ത സമ്മാനിച്ചത്.
ഒറ്റ രാത്രി കൊണ്ട് ഒരുനാടിൻ്റെയും ഒപ്പം ജനങ്ങളുടെയും ജീവിതം മാറ്റിമറിച്ച നടുക്കുന്ന ഓർമകളുമായി ജീവിക്കുന്നവരുടെ മനസിൽ വീണ്ടും നടുക്കത്തിനൊപ്പം ഭയമാണത് സൃഷ്ടിച്ചിരിക്കുന്നത്. 2012 മുതല്‍0 2021 വരെ സംഭവിച്ച വിവിധ ദുരന്തങ്ങളുടെ സാക്ഷിപത്രങ്ങളുമായി ജീവിക്കുന്നവരുടെ മനസ് ആർക്കാകും വായിക്കാൻ കഴിയുക.
2018 മുതൽ 2021 വരെ 182 പേർക്കാണ് ഉരുൾപൊട്ടലിൽ ജീവഹാനി നേരിട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 255 പേരുടെ ജീവനാണ് പ്രകൃതിയുടെ സംഹാര താണ്ഡവത്തിൽ നഷ്ടപ്പെട്ടത്. 2019 ൽ മലപ്പുറം കവളപ്പാറയിലും (59) വയനാട് പുത്തുമലയിലും (17) ഉണ്ടായ ദുരത്തത്തിൽ 85 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പതിനേഴ് പേർക്ക് എന്ത് സംഭവിച്ചെന്ന് ഇതുവരെ കണ്ടെത്താനായില്ല.
2020ലെ പെട്ടിമുടി ദുരന്തത്തിന് ഇരയായി ജീവൻവെടിഞ്ഞത് 70 പേരാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 2021ൽ കോട്ടയം കൂട്ടിക്കൽ – കൊക്കയാർ ദുരന്തത്തിൽ 13 പേരും 2018ൽ കോഴിക്കോട് കട്ടിപ്പാറയിൽ 14 പേരും 2012ൽ കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിൽ 8 പേരും ഉരുൾപൊട്ടലിന് ഇരയായി മരണപ്പെട്ടു. ഇവരുടെ ഉറ്റവരും ഉടയവരുമെല്ലാം ആ ദുരന്തത്തിൻ്റെ ഓർമയില്‍ വിങ്ങി ഇന്നും ജീവിക്കുകയാണ്.
നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഈ ദുരന്തങ്ങള്‍ തകര്‍ത്തെറിഞ്ഞത്. ഭീതി നിറയ്ക്കുന്ന ഓര്‍മകളുമായി ദുരന്തഭൂമിയുടെ സമീപ പ്രദേശങ്ങളിൽ ധാരാളം കുടുംബങ്ങള്‍ ഇന്നും ജീവിക്കുന്നുണ്ട്. നടുക്കുന്ന ഓർമകളും ഹൃദയം നുറുക്കുന്ന വേദനയുമായി ജീവിക്കുന്ന ഇവരിൽ പലരും ഇപ്പോഴും ദുരന്തഭീഷണിലാണ്. കാലവർഷം ശക്തമാകുമ്പോൾ ഇവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റും.
മഴയുടെ ശക്തി കുറയുമ്പോൾ സ്വന്തം മണ്ണിലേക്ക് തിരികെ വരികയും ചെയ്യും. ഉറ്റവർക്കും ഉടയവർക്കും ഒപ്പം ആയുഷ്‌ക്കാലം മുഴുവൻ അധ്വാനിച്ച് നേടിയതെല്ലാം ഒറ്റ രാത്രി കൊണ്ട് ഒലിച്ചു പോയവര്‍ ഇന്നും അതിജീവനത്തിനായി പൊരുതുകയാണ്. അതിനിടയിലാണ് മുണ്ടക്കൈയും ദുരന്തഭൂമിയായി മാറിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here