എപിപി അനീഷ്യയുടെ മരണത്തിൽ ഇനിയും പ്രതികളാരുമില്ല; രണ്ടാഴ്ചയെത്തുമ്പോൾ ആരോപണ വിധേയരുടെ മൊഴിയെടുക്കാൻ പോലും കൂട്ടാക്കാതെ പോലീസ്

കൊല്ലം: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും കേസിൽ ആരെയും പ്രതിചേർക്കാതെ അന്വേഷണസംഘം. ആത്മഹത്യക്ക് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ല. ജോലിസ്ഥലത്തെ പീഡനം ആരോപിച്ച് അനീഷ്യയുടെ ആത്മഹത്യാക്കുറിപ്പിലും ശബ്ദസന്ദേശങ്ങളിലും പേരെടുത്ത് പരാമർശിച്ച കൊല്ലം ജില്ലാ പ്രോസിക്യുഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീൽ, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാം കൃഷ്ണൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്.

സിറ്റി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്ത ശേഷം അനീഷ്യയുടെ വീട്ടുകാര്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. തെളിവ് ശേഖരണവും നടത്തി. എല്ലാം അബ്ദുള്‍ ജലീലിനും ശ്യാം കൃഷ്ണയ്ക്കും എതിരാണ്. എന്നിട്ടും ഇവര്‍ക്കെതിരെ കേസെടുക്കുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പരവൂര്‍ പൊലീസിന്റെ എഫ്‌ഐആറില്‍ മാറ്റം വരുത്തിയിട്ടില്ല. ആരോപണവിധേയരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന കൊല്ലം ബാര്‍ അസോസിയേഷന്റെ ആവശ്യം പോലും സര്‍ക്കാര്‍ അംഗീകരിച്ചത് സമ്മര്‍ദ്ദത്തിന് ശേഷമാണ്.

മേലുദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍, സഹപ്രവര്‍ത്തകനായ എപിപി എന്നിവരുടെ പേരുകള്‍ 19 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ അനീഷ്യ എഴുതിയിട്ടുണ്ട്. ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശവും സുപ്രധാന തെളിവാണ്. ഇതൊക്കെ കിട്ടിയിട്ടും പ്രതിസ്ഥാനത്തുള്ളവരുടെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ആരോപണ വിധേയര്‍ സിപിഎമ്മുകാരാണ് എന്നതും വിവാദത്തെ പുതിയ തലത്തിലെത്തിക്കുന്നു. പാര്‍ട്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് അനീഷ്യയെ കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റുമെന്ന് ആരോപണ വിധേയര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലും പരാതിയുണ്ട്.

സഹപ്രവര്‍ത്തകനായ എപിപിയുമായി ഉണ്ടായിരുന്ന ഭിന്നതയെക്കുറിച്ച് അനീഷ്യയുടെ കൂടുതല്‍ ശബ്ദ സന്ദേശങ്ങളും അഭിഭാഷകര്‍ പുറത്തുവിട്ടിരുന്നു. നേരത്തെ പുറത്തുവന്ന അനീഷ്യയുടെ അഞ്ച് ശബ്ദസന്ദേശങ്ങളും, 19 പേജുളള ഡയറിക്കുറിപ്പും അന്വേഷണസംഘത്തിന് മുന്നിലുണ്ട്. അനീഷ്യയുടെ ഭര്‍ത്താവ് മാവേലിക്കര കോടതിയിലെ ജഡ്ജിയാണ്. ജഡ്ജിയും പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ജോലി ചെയ്യാന്‍ അനുവദിക്കാത്ത തരത്തില്‍ മാനസികമായി പീഡനം അനുഭവിക്കുന്നുണ്ടെന്ന് പരവൂര്‍ മജിസ്‌ട്രേറ്റിന് അനീഷ്യ മൊബൈല്‍ സന്ദേശം അയച്ചിരുന്നു. ഇതെല്ലാം കടുത്ത മാനസിക പീഡനത്തിന് തെളിവാണ്. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അനീഷ്യയെ കണ്ടെത്തിയത്. 9 വര്‍ഷമായി പരവൂര്‍ കോടതിയില്‍ എപിപിയായി ജോലി ചെയ്തുവരികയായിരുന്ന അനീഷ്യ, സമൂഹമാദ്ധ്യമങ്ങളില്‍ വിടവാങ്ങല്‍ കുറിപ്പ് സ്റ്റാറ്റസ് ഇട്ടതിനു ശേഷമാണ് ജീവനൊടുക്കിയത്.

സഹപ്രവര്‍ത്തകനായ എപിപി പരിഹസിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന അനീഷ്യയുടെ ശബ്ദ സന്ദേശം നിര്‍ണ്ണായകമാണ്. “ഡിഡിപി എന്നെ വിളിച്ചിട്ട് അനീഷ്യ പോകാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു. സാറേ, എന്റെ അവസ്ഥ ഇങ്ങനെയാണ്, പെയിന്‍ സഹിക്കാന്‍ വയ്യ, ഹോസ്പിറ്റലിലേക്ക് പോകുകയാണ്, എനിക്ക് അവിടെ പോകാന്‍ പറ്റില്ല. നിര്‍ബന്ധിച്ചാല്‍ എനിക്ക് ലീവ് എടുക്കാനേ നിവൃത്തിയുള്ളൂ, ഞാന്‍ ജൂറിസ്ഡിക്ഷന്‍ വിടാനുള്ള പെര്‍മിഷന്‍ ചോദിച്ച് ലീവ് ആപ്ലിക്കേഷന്‍ കൊടുത്തു, അന്ന് രാത്രി മുതല്‍…. ഈ സംഭവത്തോടെ എന്നെ പരിഹസിക്കാന്‍ തുടങ്ങി. രാത്രി എന്തിനാണ് ലീവ് എടുത്തേ. രാത്രി ആര് ലീവെടുക്കും… ഞാന്‍ എന്റെ അനിയനെപ്പോലെ കണ്ട് അനിയാ എന്ന് വിളിച്ചിട്ടുണ്ട് അവനെ” അനീഷ്യയുടെ ഓഡിയോ സന്ദേശം ഇപ്രകാരമായിരുന്നു.

അര്‍ദ്ധരാത്രിയില്‍ കിളിക്കൊല്ലൂര്‍ സ്റ്റേഷനിലെ ഒരു കേസില്‍ അനാരോഗ്യം കാരണം ഹാജരാകാന്‍ വിസമ്മതിച്ചപ്പോള്‍ ജൂനിയറായ എപിപി, അനീഷ്യയെ പരിഹസിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഈ ഓഡിയോ സന്ദേശം. അനീഷ്യയെക്കാൾ ജൂനിയറായ ഇയാളുടെ പെരുമാറ്റം അഭിഭാഷകരെയും ഞെട്ടിച്ചിരുന്നു. സഹപ്രവര്‍ത്തകന്‍ അവധിയെടുക്കുമ്പോള്‍ എടുക്കേണ്ടി വരുന്ന അധിക ജോലിയില്‍ അനീഷ്യയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നെ ബന്ധുക്കളുടെ മൊഴി ശരിവയ്ക്കുന്നതാണ് ഈ ശബ്ദ സന്ദേശം.

അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ സിപിഎം സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ആരോപിച്ചിരുന്നു. കുറ്റാരോപിതരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ‘മാധ്യമ സിൻഡിക്കറ്റി’നോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top