കുഴൽനാടന് സ്റ്റോപ്പ് മെമ്മോ; മൂന്ന് നിർമാണങ്ങൾ വിലക്കി പഞ്ചായത്ത്

പാർവതി വിജയൻ
കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീടിനുപിന്നിൽ നിർമിച്ച മൂന്ന് കെട്ടിടങ്ങൾക്ക് പഞ്ചായത്തിൻ്റെ സ്റ്റോപ്പ് മെമ്മോ. പൈങ്ങോട്ടൂർ ആയങ്കരയിലുള്ള കുടുംബ വീടിനു പിന്നിലെ നിർമാണങ്ങളാണ് വിലക്കിയത്. ഇവയ്ക്ക് അനുമതിയില്ലെന്ന് കാണിച്ച് ഈ മാസം പത്താം തീയതിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്ന് പൈങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി കെ വി സന്തോഷ് മാധ്യമ സിൻഡിക്കേറ്റിനോട് പറഞ്ഞു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിർമാണത്തിനുള്ള അനുമതി രേഖകൾ ഹാജരാക്കാൻ കുഴൽനാടന് കഴിഞ്ഞിട്ടില്ല. നിലവിൽ താമസിക്കുന്ന വീട്ടിൽ നിന്ന് 5.40 മീറ്റർ മാറി നിർമിച്ച 1092.21 ചതുരശ്രയടി വിസ്തീർണമുള്ള ഒരു കെട്ടിടവും അതിനടുത്തായി നിൽക്കുന്ന 666.50 ചതുരശ്രയടി വിസ്‌തീർണമുള്ള മറ്റൊരു കെട്ടിടവുമാണ് അനധികൃതമെന്ന് കണ്ടെത്തിയത്. കൂടാതെ പുതിയൊരു നിർമാണവും നടക്കുന്നതായി കണ്ടെത്തി. നിർമാണം നടക്കുന്നത് നിർത്തിവയ്ക്കണമെന്നാണ് നിർദേശം.
കുടുംബവീടിന് പിന്നിൽ നിർമിച്ച കാർഷെഡിനാണ് സ്റ്റോപ്പ് മെമ്മോ കിട്ടിയത്. പിതാവിന്റെ പേരിലുള്ള സ്ഥലമായതിനാൽ നിർമാണത്തിനുള്ള അപേക്ഷ നൽകുന്നതിൽ സാങ്കേതിക തടസം ഉണ്ടായി. ഇതാണ് നടപടിക്ക് ഇടയാക്കിയത്. പേര് മാറ്റി നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും മാത്യു കുഴൽനാടൻ മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു.
കുഴൽനാടന്റെ ഭൂമിയിൽ അനധികൃത നിർമാണം നടക്കുന്നുണ്ടെന്ന ഡിവൈഎഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പരിശോധന നടത്തിയത്. പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടതിനാലാണ് നടപടിയെന്ന് പൈങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നിരവധി തവണ കത്തുകൾ അയക്കുകയും ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും മറുപടിയൊന്നും കിട്ടിയിട്ടില്ലെന്നും മെമ്മോയിൽ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here