‘രഥ് പ്രഭാരി’ യാത്ര നിർത്തിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; ബിജെപിയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: ഭരണനേട്ടം ജനങ്ങളിലെത്തിക്കാനുദ്ദേശിച്ച് നടത്തുന്ന ‘രഥ് യാത്ര’ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ‘രഥ് യാത്ര’ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഡിസംബർ അഞ്ച് വരെ യാത്ര നിർത്തിവെക്കണമെന്നാണ് ആവശ്യം. നവംബർ 20 മുതൽ ജനുവരി 25 വരെ‘വികസിത് ഭാരത് സങ്കല്പയാത്ര’യെന്ന പേരിൽ രഥയാത്ര നടത്തുമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റചട്ടം നിലവിൽ വന്നിട്ടുണ്ട്. പെരുമാറ്റചട്ടം നിലവിൽ വന്ന മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചുവരെ യാതൊരുവിധത്തിലുള്ള പ്രവർത്തനങ്ങളും പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ രഥയാത്ര നടത്തി 2014 മുതലുള്ള ഭരണനേട്ടങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുകയായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ‘രഥ് പ്രഭാരി’ (സ്പെഷൽ ഓഫീസർ) ആയി നിയമിക്കാൻ കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഈ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് പ്രചാരക് ആക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നടപടിയെന്നും ഉത്തരവ് ഉടൻ റദ്ദാക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്നാണ് ബിജെപി വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top