വൈറലായ വിവാഹപരസ്യം അഞ്ചുവർഷം മുൻപത്തേത്; 75കാരനെ യുവാവാക്കിയത് പത്രത്തിൻ്റെ പിഴവ്; പരസ്യം ഫലംകണ്ടുവെന്നും കുടുംബം

മലപ്പുറം: എഴുപത്തിയഞ്ചുകാരന് വധുവിനെ തേടിയുളള ഒരു പത്രപരസ്യം ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഭാര്യ മരണപ്പെട്ട ആരോഗ്യവാനായ മുസ്ലിം യുവാവിന് (75 വയസ്) 50നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകളുടെ രക്ഷിതാക്കളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യത്തിൻ്റെ ഉള്ളടക്കം. കളിയാക്കിയും വിമര്‍ശിച്ചുമാണ് പലരും ഇത് ഷെയർ ചെയ്യുന്നത്. എന്നാല്‍ ഈ പരസ്യത്തിന് പിന്നില്‍ ഒരു കുടുംബത്തിന്റെ കരുതലിന്റെ കഥയുണ്ട്; ഒപ്പം ഒരു മാധ്യമ സ്ഥാപനത്തിന് പറ്റിയ തെറ്റിൻ്റെയും. പരസ്യം നല്‍കിയ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ച് പേരുവിവരങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിടുന്നില്ല.
പരസ്യം അഞ്ചുവര്‍ഷം മുമ്പ്
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലപ്പുറം സ്വദേശിയായ എഴുപത്തിയഞ്ചുകാരന് വധുവിനെ തേടിക്കൊണ്ടുള്ള പരസ്യം പത്രത്തില്‍ വന്നത്. മക്കള്‍ തന്നെയാണ് ഇത് നല്‍കിയതെന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ മാധ്യമ സിൻഡിക്കറ്റിനോട് സ്ഥിരീകരിച്ചു. “എഴുതി നൽകിയതിൽ യുവാവ് എന്ന് ചേർത്തിരുന്നില്ല. ആരോഗ്യവാനായ എഴുപത്തിയഞ്ചുകാരന്‍ എന്നാണ് പറഞ്ഞിരുന്നത്. പത്രപരസ്യത്തിൻ്റെ സ്ഥിരം ഫോർമാറ്റിലേക്ക് മാറ്റിയെഴുതാൻ ആരെങ്കിലും ശ്രമിച്ചപ്പോൾ പറ്റിപ്പോയതാകും എന്നാണ് കരുതുന്നത്. അവർ തെറ്റ് സമ്മതിച്ചതിനാല്‍ പിന്നെ തിരുത്തല്‍ നല്‍കുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്തിരുന്നില്ല”; കുടുംബം വിശദീകരിച്ചു.
പരസ്യത്തിന് നല്ല പ്രതികരണം
പരസ്യം പലവിധ ട്രോളുകള്‍ക്കും വിധേയമായെങ്കിലും പിതാവിനെ വിവാഹം കഴിപ്പിക്കാനുള്ള മക്കളുടെ ശ്രമം ഫലംകണ്ടു. ഉമ്മയുടെ മരണശേഷം തീര്‍ത്തും ഒറ്റപ്പെട്ടുപോയ വാപ്പക്ക് ആശ്വാസമാകാനാണ് വീണ്ടും വിവാഹം നടത്താനുള്ള തീരുമാനത്തിലേക്ക് മക്കള്‍ എത്തിയത്. പരസ്യത്തിന് നല്ല പ്രതികരണം ഉണ്ടായി. അതില്‍ ഒരാളുമായുള്ള വിവാഹം നടത്തുകയും ചെയ്തു. അന്നും ചിലരെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും കാര്യമാക്കിയില്ല. എന്നാല്‍ വര്‍ഷങ്ങൾ പലത് കഴിഞ്ഞിട്ടും ഈ പരസ്യത്തിൻ്റെ പേരിൽ ആക്ഷേപകരമായി പ്രതികരിക്കുന്നത് ദുഖകരമാണ്; പ്രത്യേകിച്ചും അച്ഛനത് വേദനയുണ്ടാക്കുന്നുണ്ട്; കുടുംബം പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here