‘നമസ്കാരം ഞാൻ ഉമക്കുട്ടിയാണ്…’ കേരളത്തിൽ നിന്നൊരു എട്ടാം ക്ലാസുകാരി യൂണിസെഫ് കണ്ടൻ്റ് ക്രിയേറ്റർ ആയ കഥ

തിരുവനന്തപുരം: ‘നമസ്കാരം ഞാൻ ഉമക്കുട്ടിയാണ്…’ ഇങ്ങനെയാണ് എട്ടാം ക്ലാസുകാരി ഉമ എസ് എന്ന ഉമക്കുട്ടിയുടെ യൂട്യൂബ് ചാനലിന്റെ വീഡിയോകൾ തുടങ്ങുന്നത്. രണ്ട് ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേർസ് ഉള്ള ഉമ വെറുമൊരു യൂട്യൂബർ അല്ല, 2023 ൽ യൂണിസെഫ് ഇന്ത്യ ‘യൂത്ത് കണ്ടന്റ് ക്രിയേറ്റർ’ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഈ കൊച്ചു മിടുക്കിയെയാണ് . 2020ലെ കോവിഡ് കാലത്താണ് സ്വയം പഠിക്കാനും കൂട്ടുകാരെ പഠിപ്പിക്കാനുമായി അന്നത്തെ അഞ്ചാം ക്ലാസുകാരി യൂട്യൂബ് ചാനൽ തുടങ്ങിയത്. പിന്നീട് കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വ്ലോഗർമാർക്കായി 2021 ൽ യൂണിസെഫ് സംഘടിപ്പിച്ച ഓൺലൈൻ ശില്പശാലയിൽ പങ്കെടുത്ത് സർട്ടിഫിക്കേറ്റ് നേടി. അങ്ങനെയാണ് യൂണിസെഫിൽ എത്തുന്നത്.

സാധാരണ യൂട്യൂബ് ചാനലായി തുടങ്ങി പിന്നീട് പഠനത്തിനുള്ള ഒന്നായി രൂപമാറ്റം ചെയ്യുകയായിരുന്നു. ഉമക്കുട്ടിയുടെ ആഗ്രഹത്തിന് ഫുൾ സപ്പോർട്ടായി അച്ഛനും അമ്മയും ചേട്ടനും കൂടെ കൂടി. വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസിനു ശേഷം അതെ പാഠഭാഗം യൂട്യൂബിൽ സ്വന്തമായി ക്ലാസ് എടുത്ത് ഇടുകയായിരുന്നു പതിവ്. ഇതു മാത്രമല്ല ഒരു കുട്ടി ഡബ്ബിങ് താരം കൂടിയാണ് കോട്ടൺഹിൽ സ്കൂളിലെ ഈ കൊച്ചു മിടുക്കി. കാത്തു, പൂപ്പി തുടങ്ങി കുട്ടികളുടെ പ്രിയ കഥാപാത്രങ്ങൾക്കെല്ലാം ശബ്ദം നൽകിയ ഉമക്കുട്ടി പലപല ബോധവൽക്കരണം വീഡിയോകളും ഡബ് ചെയ്തിട്ടുണ്ട്.

മികച്ച പ്രാസംഗിക കൂടിയായ ഉമക്കുട്ടി സംസ്ഥാനതല ശിശുദിനാഘോഷത്തിൽ രണ്ടുതവണ കുട്ടികളുടെ സ്പീക്കറും ഒരുതവണ പ്രസിഡന്റുമായി. വ്യത്യസ്ത മേഖലകളിൽ അസാധാരണകഴിവ് പ്രകടിപ്പിച്ച കുട്ടികൾക്കായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും ഉമ അർഹയായിട്ടുണ്ട്. പഠിപ്പിക്കാൻ മിടുക്കിയാണെങ്കിലും പക്ഷെ ടീച്ചറാകാനല്ല ഉമക്ക് ഇഷ്ടം. ശബ്ദം ഉപയോഗിച്ച് എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതൊക്കെ ചെയ്യാനാണ് ഇപ്പോഴത്തെ സ്വപ്നം. യൂണിസെഫിന് വേണ്ടി ബോധവൽകരണ വീഡിയോകൾ ഇതിനോടകം ഉമ ചെയ്തു നൽകി തുടങ്ങിയിട്ടുണ്ട്.

Logo
X
Top