അലവി കുടുംബം അരനൂറ്റാണ്ട് സുന്നി രാഷ്ട്രം അടക്കിവാണ കഥ; കണ്ണ് ഡോക്ടർ അസാദ് സിറിയയില്‍ നിലംപരിശായത് ഇങ്ങനെ…

സിറിയയുടെ തലസ്ഥാനമായ ഡമാസ്കസ് കൂടി വിമത സൈന്യം പിടിച്ചെടുത്തതോടെ അവസാനമായത് അരനൂറ്റാണ്ടിലേറെ നിന്ന അസാദുമാരുടെ ഭരണത്തിനാണ്. അലവൈറ്റ് (Alawite) രാജവംശത്തിൽപ്പെട്ട അസാദുകളെയാണ് തുർക്കി പിന്തുണയുള്ള ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്‌ടിഎസ്) നേതൃത്വത്തിലുള്ള വിമത സൈന്യം അധികാരത്തിൽ നിന്നും നിഷ്കാസിതരാക്കിയിരിക്കുന്നത്. 1970-ൽ ഹഫീസ് അൽ-അസാദ് ആരംഭിച്ച കുടുംബവാഴ്ചയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

1970 നവംബർ 13ന് നടന്ന അട്ടിമറിയിലൂടെയാണ് സുന്നി ഭൂരിപക്ഷ രാജ്യത്ത് ഹഫീസ് അൽ അസാദ് അധികാരത്തിലെത്തുന്നത്. സിറിയയുടെ വംശീയവും മതപരവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളെ മുതലെടുത്ത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമായിരുന്നു ഹഫീസ് പയറ്റിയിരുന്നത്. തൻ്റെ ഭരണം ഉറപ്പിക്കുന്നതിനായി, പരമ്പരാഗതമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമായ അലവൈറ്റ് ന്യൂനപക്ഷത്തെ മുഖ്യധാരയിലേക്ക് ഉയർത്താനുളള ശ്രമങ്ങൾ അദ്ദേഹം നടത്തി. സൈന്യത്തിൻ്റെ ഉന്നത പദവികളില്‍ ഉള്‍പ്പെടെ അലവികളെ (Alawites) അസാദ് പ്രതിഷ്ഠിച്ചു. ഇത് ഭൂരിപക്ഷ വിഭാഗമായ സുന്നികളുടെ എതിർപ്പിന് കാരണമായി.

Also Read: സിറിയയിൽ ബഷാർ അൽ അസാദ് സർക്കാർ ഉടൻ വീഴും!! വിമതസൈന്യം ഡമാസ്കസിന് തൊട്ടരികെ

1982ൽ ഹമാ നഗരത്തിൽ മുസ്ലീം ബ്രദർഹുഡ് നടത്തിയ സായുധ പ്രക്ഷോഭത്തെ സിറിയൻ സൈന്യം തകർത്തപ്പോൾ മിഡിൽ ഈസ്റ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമർത്തലായി അത് മാറി. ഈ നാടപടിയിൽ നാൽപതിനായിരത്തോളം ആളുകളെ സിറിയൻ സൈന്യം വധിച്ചതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൻ്റെ പിൻഗാമിയായി മൂത്ത മകൻ ബസാല്‍ അല്‍ അസാദിനെ ഉയർത്തിക്കൊണ്ട് വരാനായിരുന്നു ഹഫീസ് ആഗ്രഹിച്ചത്. എന്നാൽ 1994 ൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ ബസാല്‍ കൊല്ലപ്പെട്ടു. 2000ൽ ഹഫീസ് മരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പിൻഗാമിയായി നേത്രരോ​ഗ വിദ​ഗ്ധൻ കൂടിയായ ബഷാർ അൽ അസാദ് സിറിയൻ പ്രസിഡൻ്റായി അധികാരമേറ്റെടുത്തു. വളരെ പ്രതീക്ഷയോടെയാണ് ആളുകൾ ബഷാറിൻ്റെ സ്ഥാനാരോഹണത്തെ കണ്ടിരുന്നത്. അധികം വൈകാതെ ആ കണക്കുകൂട്ടലുകൾ തെറ്റി.

Also Read: കലാപത്തില്‍ കൊല്ലപ്പെട്ടത് അഞ്ച് ലക്ഷത്തോളം പേര്‍; പ്രസിഡന്റും പലായനം ചെയ്തു; അനിശ്ചിതത്വത്തില്‍ സിറിയ

ബഷാറും ഹഫീസിനെ പോലെ തനിക്കെതിരെ ഉയർന്ന എതിർപ്പുകളെയെല്ലാം അടിച്ചമർത്തി. ഇത് 2011ലെ കലാപത്തിനും പിന്നീടത് ആഭ്യന്തര യുദ്ധമായി മാറുന്നതിലും കലാശിച്ചു. കലാപകാരികളെ നിഷ്കരുണം ബഷാറിൻ്റെ സൈന്യം അമർച്ച ചെയ്യുമ്പോൾ പ്രതിഷേധത്തിൻ്റെ സ്വഭാവം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഇറാന്റെയും റഷ്യയുടേയും പിന്തുണയോടെ ബാഷർ ആഭ്യന്തര യുദ്ധം അടിച്ചമർത്തി. 2019 ൽ യുദ്ധം അവസാനിപ്പിച്ച് വിമതർ വടക്കൻ സിറിയിൽ മാത്രമായി ഒതുങ്ങി. ഏകദേശം അഞ്ച് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞയാഴ്ച വീണ്ടും ബഷാർ അൽ അസാദ് ഭരണത്തിനെ വിമതർ യുദ്ധം ആരംഭിക്കുന്നത്.

Also Read: സിറിയയിലേത് ഇസ്രയേൽ- അമേരിക്കൻ പ്രതികാരം; പണി കിട്ടിയത് റഷ്യക്കും ഇറാനും; ഇത് മൂന്നാം ലോകയുദ്ധത്തിൻ്റെ മുന്നറിയിപ്പ്

ബാഷർ അൽ അസദ് ഭരണത്തിനും അലവി കുടുംബവാഴ്ചയ്ക്കും തിരശീല വീഴുമ്പോൾ അവസാനമായത് അഞ്ചുലക്ഷത്തോളം പേരുടെ ജീവനെടുത്ത സിറിയൻ ആഭ്യന്തര യുദ്ധത്തിനു കൂടിയാണ്. 2011 ൽ സംഘർഷം ആരംഭിച്ച ശേഷം സിറിയൻ ജനസംഖ്യയുടെ പകുതിയിലേറെപ്പേർ രാജ്യം വിട്ടിരുന്നു. 21 ദശലക്ഷം ജനസംഖ്യ ഉണ്ടായിരുന്നത് ഇന്ന് നേർ പകുതിയായി കുറഞ്ഞു. ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവിൽ സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ പ്രസിഡൻ്റ് ബഷാർ അൽ അസാദ് രാജ്യം വിട്ടിരിക്കുകയാണ്. സിറിയയുടെ പുതിയ യുഗപ്പിറവിയെന്നും രാജ്യം സ്വാതന്ത്ര്യം നേടിയെന്നുമാണ് അധികാരമേറ്റെടുത്ത ശേഷം വിമതർ അവകാശപ്പെടുന്നത്. ബഷാർ അൽ അസാദിൻ്റെ പിൻഗാമിയായി ഇനി സിറിയയെ ആര് നയിക്കും എന്ന ചോദ്യമാണ് നിലവിൽ ബാക്കിയുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top