ബോംബുനിർമ്മാണം പിടിക്കപ്പെട്ടാൽ പാർട്ടി തള്ളിപ്പറയും, സ്വയം പൊട്ടിമരിച്ചാലും ചിലപ്പോൾ രക്തസാക്ഷിയാക്കും; കണ്ണൂർ ബോംബ് രാഷ്ട്രീയത്തിൻ്റെ വിചിത്രവഴികൾ

തിരുവനന്തപുരം: വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി ഒരു മണിക്കുണ്ടായ സ്ഫോടനത്തിലാണ് സിപിഎം പ്രവർത്തകനായ പാനൂർ മുളിയാത്തോട് എലികൊത്തിന്റവിട ഷെറിൻ (31) മരിച്ചത്. നാലുപേർക്ക് ഗുരുതര പരുക്കുണ്ട്. പാനൂർ മുളിയാത്തോടിലെ പണിതീരാത്ത വീടിന് മുകളിൽ ബോംബ് ഉണ്ടാക്കുമ്പോഴാണ് പൊട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വേറെയും സിപിഎമ്മുകാർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ചിലർ ഒളിവിലുമാണ്. എന്നാൽ ഇവരുടെ സിപിഎം ബന്ധം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാടേ നിഷേധിച്ച് കഴിഞ്ഞു. പാർട്ടി സഖാക്കളെ ആക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് ഉണ്ടാക്കിയവരെന്നും വളരെ മുൻപേ തന്നെ പാർട്ടി അവരെ തള്ളിപ്പറഞ്ഞതാണ് എന്നുമാണ് വിശദീകരണം.

ഒമ്പതു വർഷംമുമ്പ്, 2015 ജൂൺ ഏഴിന് ഇപ്പോൾ സ്ഫോടനമുണ്ടായതിന് അഞ്ചുകിലോമീറ്റർ അകലെ ഈസ്റ്റ് ചെറ്റക്കണ്ടിയിൽ സമാനമായ വിധത്തിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പില്‍ ഷൈജു (32), വടക്കെകരാല്‍ സുബീഷ് (29) എന്നിവർ. രണ്ടുപേർ പരുക്കേറ്റ് ആശുപത്രിയിലും ആയിരുന്നു. ബോംബ്
നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസുമായി ഒരു ബന്ധവുമില്ല എന്നായിരുന്നു പാർട്ടി അക്കാലത്ത് സ്വീകരിച്ച നിലപാട്.

പാര്‍ട്ടിവിരുദ്ധ പ്രചാരവേലയ്ക്കായി ഈ സംഭവം ഉപയോഗിക്കുന്നുണ്ട് എന്നും സ്‌ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് അന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പഠിച്ച ശേഷമേ പ്രതികരിക്കാം എന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ നിലപാട്.

ഇതിന് ശേഷം മൂന്നുവർഷം കഴിഞ്ഞ് തൃശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഒരുക്കിയിരുന്ന 577 രക്തസാക്ഷികളുടെ ചിത്രങ്ങൾക്കൊപ്പം പൊയിലൂരിലെ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ട ഷൈജുവിൻ്റേയും സുബീഷിൻ്റേയും ചിത്രങ്ങളും ഉണ്ടായിരുന്നു. “2015 ജൂൺ 7ന് ആർഎസ്എസ് അക്രമണങ്ങളെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾക്കിയിൽ കൊല്ലപ്പെട്ടു” എന്നാണ് ഇരുവരുടെയും ഫോട്ടോയ്ക്കു താഴെ എഴുതിയിരുന്നത്. പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന രക്തസാക്ഷിപ്പട്ടികയിലും ഇവരുടെ പേരുകളുണ്ട്.

ക്രിമിനൽ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎം പ്രതിസ്ഥാനത്തായി ആരോപണങ്ങൾ കടുക്കുമ്പോൾ അതിൽ ഉൾപ്പെട്ടവരെ തള്ളിപ്പറയുന്നതും, വിവാദം കെട്ടടങ്ങുമ്പോൾ അവർക്ക് സംരക്ഷണം ഒരുക്കുന്നതും പാർട്ടികളുടെ സ്ഥിരം പരിപാടിയാണ്. പ്രത്യേകിച്ച് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൻ്റെ നാൾവഴികളാണ് ഈ ചേർത്തുനിർത്തൽ കൂടുതൽ തെളിഞ്ഞുകാണുന്നത്. വെള്ളിയാഴ്ചത്തെ പാനൂർ പൊട്ടിത്തെറിയിൽ മരിച്ചവരെ പാർട്ടി സംസ്ഥാന സെക്രട്ടറി തള്ളിപ്പറയുമ്പോഴും അവരുടെ വീടുകളിൽ സിപിഎം പ്രാദേശിക നേതാക്കൾ എത്തിയത് ഒട്ടും യാദൃഛികമല്ല എന്നർത്ഥം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top