നൈജീരിയൻ ഫുട്ബോൾ താരങ്ങളോട് കടുത്ത അനീതി; ഭക്ഷണമില്ല, വിമാനത്തിനായി കാത്തിരുന്നത് 20 മണിക്കൂർ!!
ലിബിയൻ വിമാനത്താവളത്തിൽ വച്ചുണ്ടായ മോശം അനുഭവത്തെ തുടർന്ന് 2025ലെ ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിനു വേണ്ടിയുള്ള യോഗ്യത മൽസരങ്ങൾ ഉപേക്ഷിച്ച് നൈജീരിയൻ ഫുട്ബോൾ ടീം. വിമാനത്താവളത്തിലെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ തുടർന്ന് ദേശീയ ടീം നാട്ടിലേക്ക് മടങ്ങിയെന്ന് നൈജീരിയ ഫുട്ബോൾ ഫെഡറേഷൻ (എൻഎഫ്എഫ്) സ്ഥിരീകരിച്ചു.
ലിബിയയിലെ അൽഅബ്റാഖ് വിമാനത്താവളത്തിൽ 20 മണിക്കൂറോളമാണ് ഭക്ഷണം പോലും ഇല്ലാതെ നൈജീരിയൻ താരങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നത്. ചൊവ്വാഴ്ച ബെൻഗാസെ നഗരത്തിൽവച്ച് ലിബിയയോടാണ് നൈജീരിയ ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാൽ, താരങ്ങളെയും കൊണ്ട് ബെൻഗാസെയിലേക്ക് എത്തേണ്ട വിമാനം അൽ അബ്റാഖിലെ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് വിമാനം വഴിതിരിച്ച് വിട്ടത്. അവിടെ എത്തിയപ്പോൾ നൈജീരിയൻ ടീമിനെ സ്വീകരിക്കാനോ അവരെ ഹോട്ടലിലേക്ക് എത്തിക്കാനോ വേണ്ട സംവിധാനങ്ങൾ ലിബിയൻ ഫുട്ബോൾ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല.
വിമാനത്താവളത്തിൽനിന്നും മൂന്നു മണിക്കൂർ യാത്രയാണ് ബെൻഗാസെ നഗരത്തിലേക്ക് ഉണ്ടായിരുന്നത്. സുരക്ഷാ കാരണങ്ങളാൽ റോഡ് മാർഗം ടീമിന് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് നൈജീരിയൻ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിനാൽതന്നെ, ടീമിന് ചാർട്ടേഡ് വിമാനം ഒരുക്കണമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ലിബിയൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനുവേണ്ട യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല.
തങ്ങളുടെ ടീമിന് നേരിട്ട ദുരനുഭവത്തെ തുടർന്ന് മൽസരം കളിക്കേണ്ടതില്ലെന്ന് നൈജീരിയൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളിന് (സിഎഎഫ്) പരാതിയും നൽകിയിട്ടുണ്ട്. സിഎഎഫിന്റെ അച്ചടക്ക ബോർഡ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സിഎഫ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, നൈജീരിയൻ താരങ്ങളോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് ലിബിയൻ ഫുട്ബോൾ ഫെഡറേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവം മനഃപൂർവം ആസൂത്രണം ചെയ്തതായി ആരോപിക്കാൻ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരം പ്രവൃത്തികൾ തങ്ങളുടെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും അവർ പ്രസ്താവനയിൽ വിശദീകരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here