പേവിഷബാധയേറ്റ അഞ്ചു വയസുകാരി മരിച്ചു; നോവായി കുഞ്ഞ് സിയ

തെരുവ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചു വയസുകാരി മരിച്ചു. മലപ്പുറം വള്ളൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് മരിച്ചത്. കടിയേറ്റ ദിവസം തന്നെ കുട്ടിക്ക് പേവിഷബാധക്കുളള പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. എല്ലാ ഡോസും കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
മാര്‍ച്ച് 29നാണ് കുട്ടി ഉള്‍പ്പെടെ നിരവധിപേരെ തെരുവ് നായ കടിച്ചത്. വീടിനടുത്തുള്ള കടയില്‍ നിന്ന് മിഠായി വാങ്ങി വരുമ്പോഴാണ് കടിയേറ്റത്. തലയിലും കാലിലുമാണ് മുറിവുകളുണ്ടായത്. ചികിത്സയെ തുടര്‍ന്ന് മുറിവുകളെല്ലാം ഉണങ്ങിയിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് പനി വന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്.
2 ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി കുറയാതെ വന്നതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രക്ത സാംപിള്‍ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. രണ്ടു ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here