‘സ്ത്രീകൾക്ക് അനുകൂലമായ നിയമം ദുരുപയോഗം ചെയ്യുന്നു’; പണം തട്ടാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയുള്ള മാര്‍ഗമല്ലെന്ന് സുപ്രീം കോടതി

സ്ത്രീകളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത കർശനമായ നിയമങ്ങൾ ദുരുപയോഗം ചെയുന്നതിനെതിരെ സുപ്രീം കോടതി. നിയമങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഭർത്താക്കന്മാരെ ഭീഷണിപ്പെടുത്തുന്നതിനോ അവരെ സാമ്പത്തിക ചൂഷണത്തിനടക്കം ഉപയോഗിക്കാൻ വേണ്ടിയല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

വിവാഹ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഭർത്താവിന് 5,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു ഭാര്യ കോടതിയിൽ അവകാശപ്പെട്ടത്. ആദ്യ ഭാര്യക്ക് 500 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്നും അവർ കോടതിയിൽ വാദിച്ചു. അതിന് തുല്യമായ തുക തനിക്കും ലഭിക്കണമെന്നായിരുന്നു ആവശ്യം. ഒടുവിൽ ഭാര്യക്ക് സ്ഥിരം ജീവനാംശമായി 12 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടു.

സ്ത്രീകളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട നിയമങ്ങൾ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നതിനെ രൂക്ഷമായി വിമർശിച്ച ശേഷമായിരുന്നു അന്തിമ വിധി കോടതി പ്രസ്താവിച്ചത്. “സ്ത്രീകൾക്ക് അനുകൂലമായ കർശനമായ നിയമ വ്യവസ്ഥകൾ അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. ഭർത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടിയുള്ളതല്ല. ഭർത്താക്കൻമാരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനോ പണം തട്ടിയെടുക്കുന്നതിനോ ഉള്ള മാർഗമല്ല അതെന്ന എന്ന വസ്തുതയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്” – കോടതി പറഞ്ഞു.

മറ്റ് കക്ഷികൾക്ക് ലഭിച്ചത് പോലെ തുല്യമായ സമ്പത്തോ ജീവനാംശമോ ആവശ്യപ്പെടുന്ന ഹർജിക്കാരുടെ പ്രവണതയിൽ കോടതി ഗുരുതരമായ ആശങ്കയും രേഖപ്പെടുത്തി. ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും പങ്കജ് മിത്തലും ഉൾപ്പെട്ട ബെഞ്ചിൻ്റേതാണ് വിധി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top