കല വധക്കേസിൽ ഭർത്താവിനെതിരെ ‘റെഡ്കോർണർ’ ഉടനുണ്ടാകില്ല; തെളിവില്ലാതെ ഇൻ്റർപോൾ സഹകരിക്കില്ല; ‘കോർപ്പസ് ഡെലിക്ടി’ പ്രധാന പ്രശ്നം

ആലപ്പുഴ ചെന്നിത്തലയിൽ നിന്ന് 15 വർഷം മുൻപ് കാണാതായ കലയുടെ കേസിൽ പോലീസ് കണക്കുകൂട്ടിയത് പോലെയല്ല കാര്യങ്ങൾ എത്തിനിൽക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഏറ്റവും അത്യാവശ്യം അവരുടെ ഭർത്താവ് അനിലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ റെഡ്കോർണർ എന്താണെന്നും അതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ ആണെന്നും അറിയുമ്പോൾ മനസിലാകും, അതത്ര എളുപ്പമല്ല ഈ കേസിലെന്ന്.
കുറ്റപത്രം നൽകണം, അതിന് കഴിയുമോ?
ഗുരുതര സ്വഭാവമുള്ള ഒരു കുറ്റകൃത്യത്തിൽ തെളിവുകൾ വ്യക്തമായി ശേഖരിച്ച്, അതിൽ പങ്കുള്ളവരെ കണ്ടെത്തി, അവരെ പ്രതിസ്ഥാനത്ത് ചേർത്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ച ശേഷം അതിൻ്റെ അടിസ്ഥാനത്തിൽ ആണ് റെഡ്കോർണർ നോട്ടീസിന് അപേക്ഷിക്കേണ്ടത്. ഓരോ സംസ്ഥാനത്തും പോലീസിൻ്റെ ഓരോ ഏജൻസികൾ മുഖേനയാണ് ഇത് ചെയ്യുന്നത്. കേരളത്തിൽ ക്രൈംബ്രാഞ്ചിന് അപേക്ഷ അയച്ച്, സിബിഐ വഴിയാണ് ഇൻ്റർപോളിനെ സമീപിക്കേണ്ടത്. എന്നാൽ അന്വേഷണം തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എങ്ങനെ കഴിയും? കലയുടെ ഭർത്താവിനെ പ്രതി ചേർത്തെങ്കിലും നാട്ടിലെത്തിച്ച് ചോദ്യംചെയ്ത് തെളിവുകൾ കണ്ടെത്താനാണ് അന്വേഷണസംഘത്തിൻ്റെ പ്ലാൻ. അങ്ങനെ നാട്ടിലെത്തിക്കാൻ എത്ര അപേക്ഷ അയച്ചാലും കർശനമായ പരിശോധനക്ക് ശേഷം മാത്രമേ കേന്ദ്ര സർക്കാർ അനുവദിക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അല്ലാതെയും മുൻകാലങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും സാഹചര്യം മാറി.
‘കോറോബറേറ്റ്’ ചെയ്യാനൊന്നുമില്ല
കലയുടെ കേസ് പ്രാരംഭഘട്ടത്തിൽ മാത്രമാണ് നിൽക്കുന്നത്. ഇസ്രയേലിലുള്ള ഭർത്താവ് അനിലിനെ സംശയിക്കുന്നു എന്ന് മാത്രമേ അന്വേഷണ സംഘത്തിന് പറയാനാകൂ. കലയുടെ മൃതദേഹം അനിലിൻ്റെ കാറിൽ കണ്ടതായും മറ്റുമെല്ലാം ഏതാനും മൊഴികളുണ്ടെങ്കിൽ ഇതിനെ പിന്തുണക്കുന്ന മറ്റൊരു ശാസ്ത്രീയ തെളിവും (CORROBORATIVE EVIDENCE) കിട്ടിയിട്ടില്ല. സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയിലും പരിഗണക്കത്തക്ക ഒന്നും കിട്ടിയിട്ടില്ല. ശരീരാവശിഷ്ടങ്ങൾ എന്തെങ്കിലും കിട്ടിയെങ്കിൽ പോലും ഡിഎൻഐ പരിശോധന നടത്തി കലയുടേതെന്ന് ഉറപ്പിക്കാതെ അനിലിനെ പ്രതിചേർക്കാൻ പോലുമാകില്ല. കല കൊല്ലപ്പെട്ടുവെന്ന് പോലും തെളിയിക്കാൻ കഴിയുന്ന ഒന്നും നിലവിൽ പോലീസിൻ്റെ പക്കലില്ല.
‘കോർപ്പസ് ഡെലിക്ടി’ പ്രശ്നമാകും
മൃതദേഹമോ അവശിഷ്ടങ്ങളോ എങ്കിലും കണ്ടെടുക്കാതെ ഒരു കൊലക്കേസും കോടതിയിൽ എത്തിക്കാനാകില്ല. CORPUS DELICTI എന്നതാണ് അടിസ്ഥാന തത്വം. അങ്ങനെ നോക്കിയാൽ ഈ കേസിൽ എന്തിൻ്റെ അടിസ്ഥാനത്തിൽ കുറ്റപത്രം തയ്യാറാക്കും? കുറ്റപത്രത്തിൽ പ്രതിയാകാത്ത ഒരാളെ, ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിൻ്റെ പേരിൽ എങ്ങനെ ഒരു വിദേശരാജ്യത്ത് നിന്ന് നാടുകടത്തി ഇവിടെ എത്തിക്കും. മുൻപെല്ലാം അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ നാടുകടത്തലിൻ്റെ കാര്യത്തിൽ (EXTRADITION) കേന്ദ്രം കർശന നിലപാടിലാണ്. വ്യക്തമായ തെളിവുകളില്ലാതെ ഒരാളുടെ ജോലിയും അന്തസുമെല്ലാം നഷ്ടപ്പെടുത്തി അത് ചെയ്യാൻ പറ്റില്ലെന്ന കാര്യത്തിൽ പല വിദേശരാജ്യങ്ങളും ഉറച്ച നിലപാട് എടുക്കാറുണ്ട്. അല്ലെങ്കിൽ രാജ്യരക്ഷ പോലെയുള്ള കേസുകളാകണം.
കേരളത്തിൽ നിന്നുള്ള ഇത്തരം ഒട്ടേറെ അപേക്ഷകൾ ഇപ്പോൾ തന്നെ പരിഗണനയിലിരിക്കുകയോ തള്ളുകയോ ചെയ്തിട്ടുണ്ട്. രാഷ്ട്രിയമാനങ്ങളുള്ള ചില കേസുകളുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ ഒട്ടേറെ അനാവശ്യ അപേക്ഷകൾ കേരളത്തിൽ നിന്ന് ഉണ്ടാകുന്നതായുള്ള വിലയിരുത്തൽ മുൻപ് തന്നെയുണ്ട്. അതുകൊണ്ട് ഇത്തരം ദുർബലമായ കേസുകൾ, അതും ഈ പ്രാരംഭഘട്ടത്തിൽ അനുവദിച്ച് കിട്ടാൻ എളുപ്പമല്ല. കൂടുതൽ ശക്തവും ശാസ്ത്രീയവുമായ തെളിവുകൾ വേണ്ടിവരുമെന്ന് ചുരുക്കം. എന്നാൽ അന്വേഷണ സംഘമാകട്ടെ അനിലിനെ കസ്റ്റഡിയിൽ കിട്ടിയാൽ തെളിവുകൾ കണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്.
ALSO READ: ഭാര്യയെ ഭീഷണിപ്പെടുത്തിയത് കുരുക്കായി; 15 വര്‍ഷം ഒളിപ്പിച്ച രഹസ്യം പുറത്തായി
സ്വന്തം നിലയ്ക്ക് ചെയ്യാൻ കഴിയുന്ന, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കലാണ് നിലവിൽ ഈ കേസിൽ പോലീസ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളം വഴിയെത്തിയാൽ ഇമിഗ്രേഷനിൽ തടഞ്ഞുവയ്ക്കാം എന്നത് മാത്രമാണ് ഇതുകൊണ്ടുള്ള കാര്യം. ഇതിന് പുറമെ, ഇസ്രയേലിലെ അഡ്രസും ജോലി ചെയ്യുന്ന കമ്പനിയുടെ കൃത്യം വിവരങ്ങളും സഹിതം അപേക്ഷിച്ചാൽ ഇൻ്റർപോൾ പരിശോധിച്ച് വിവരം നൽകുന്ന ബ്ലൂകോർണർ നോട്ടീസ് വരെയാണ് പരമാവധി ഈ ഘട്ടത്തിൽ ചെയ്യാനാകുക. ഇതുപ്രകാരം പിടിച്ചുനൽകാൻ ഇൻ്റർപോൾ തയ്യാറാകില്ല. അതേസമയം നോട്ടീസിൻ്റെ കോപ്പി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കും മറ്റുമയച്ച് അവരെ സമ്മർദ്ദത്തിലാക്കി പ്രതിയെ തിരിച്ചയക്കാൻ പ്രേരിപ്പിക്കുകയാണ് പോലീസ് സാധാരണ ചെയ്യാറുള്ളത്. ഇസ്രയേൽ പോലൊരു രാജ്യത്തെ കമ്പനിക്ക് അതിന് തോന്നിയാൽ കാര്യം നടന്നുവെന്ന് പറയാം, അത്ര തന്നെ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here