എ കെ ആന്റണിയുടെ കുടുംബം നന്ദികേടും വഞ്ചനയും കാട്ടി, കോൺഗ്രസിന് വേണ്ടി ജീവിതം ഹോമിച്ചവരെ എലിസബത്ത് തള്ളി പറഞ്ഞു, ഡിസിസി യോഗത്തിൽ രൂക്ഷ വിമർശനം

സ്‌മൃതി പ്രേം

കൊച്ചി: എ കെ ആന്റണിയുടെ കുടുംബത്തിനെതിരെ ഡിസിസി യോഗത്തിൽ അതിരൂക്ഷ വിമർശനം. പാർട്ടിയിൽ നിന്ന് നേടാവുന്നതൊക്കെയും നേടിയിട്ടും വഞ്ചനയും നന്ദികേടും മാത്രമാണ് കാണിച്ചതെന്ന് കെപിസിസി മുൻ സെക്രട്ടറി തമ്പി സുബ്രമണ്യം. ഇക്കഴിഞ്ഞ ദിവസം ചേർന്ന ഡിസിസി യോഗത്തിലാണ് വിമർശനം ഉണ്ടായത്. . ഇത് പാർട്ടിക്കുള്ളിൽ നടന്ന തുറന്ന ചർച്ചയാണ്. വിവാദമാക്കേണ്ട കാര്യമില്ലെന്ന് തമ്പി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ഞങ്ങളുടെ കുടുംബത്തിന് ബിജെപിയുമായുള്ള അകലം കുറഞ്ഞുവെന്നാണ് ആന്റണിയുടെ ഭാര്യ പറഞ്ഞത്. ബിജെപിയിൽ നിരവധി അവസരങ്ങൾ അനിൽ ആന്റണിക്ക് ലഭിക്കും, എ കെ ആന്റണി പ്രാർഥനയിലൂടെയാണ് ആത്മവിശ്വാസവും ആരോഗ്യം വീണ്ടെടുത്തത് എന്നൊക്കെയാണ് എലിസബത്ത് ആന്റണി കൃപാസനത്തിൽ വെച്ച് സാക്ഷ്യം പറഞ്ഞത്. ആന്റണിയുടെ ഭാര്യയുടെ നിലപാട് കടുത്ത വഞ്ചനയാണ്.
‘കോൺഗ്രസിന് വേണ്ടി ആയുസും ആരോഗ്യവും ഹോമിച്ചവരെ തീർത്തും അപഹസിക്കുന്ന തരത്തിലായിരുന്നു അവരുടെ കൃപാസനം വഴിയുള്ള സാക്ഷ്യംപറച്ചിലെന്ന്’ തമ്പി സുബ്രമണ്യം കുറ്റപ്പെടുത്തി. യോഗത്തിൽ ഇത്തരത്തിലുള്ള വിമർശനം ഉണ്ടായെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഇതാദ്യമായാണ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെതിരെ കോൺഗ്രസിന്റെ ഒരു യോഗത്തിൽ വിമർശനമുണ്ടാവുന്നത്. കോൺഗ്രസിൽ രാഷ്ട്രീയ ഭാവിയില്ലാത്തതിന്റെ പേരിലാണ് തന്റെ മകൻ ബിജെപിയിൽ ചേർന്നതെന്നായിരുന്നു എലിസബത്ത് പറഞ്ഞത്. ബിജെപിയോടുണ്ടായിരുന്ന അറപ്പും വെറുപ്പും മാറിയെന്നു വരെ ആന്റണിയുടെ ഭാര്യ പറഞ്ഞത് കോൺഗ്രസ് പ്രവർത്തകരിൽ അമ്പരപ്പുളവാക്കിയിരുന്നു. ഭാര്യയുടെ സാക്ഷ്യം പറച്ചിലിനെ എ കെ ആന്റണി ഇതുവരെ തള്ളി പറഞ്ഞിട്ടുമില്ല.

സമാനമായ രീതിയിൽ ആന്റണിക്കെതിരെ ആലപ്പുഴ മുൻ ഡിസിസി പ്രസിഡന്റ് പ്രൊഫ ജി ബാലചന്ദ്രനും വിമർശനം ഉന്നയിച്ചിരുന്നു. ആന്റണി ഉന്നതമായ സ്ഥാനമാനങ്ങൾ പാർട്ടിയിലും സർക്കാരിലും വഹിച്ചപ്പോൾ അതിന്റെ സ്വഭാഗ്യങ്ങൾ അനുഭവിച്ചവരാണ് ഭാര്യയും മക്കളും. ഇതൊക്കെ മറന്നു കൊണ്ടാണ് ഇപ്പോൾ ഭാര്യയും മകനും കോൺഗ്രസിനെ തള്ളി പറയുന്നത് എന്നായിരുന്നു ബാലചന്ദ്രന്റെ വിമർശനം. വരാനിരിക്കുന്ന ദിവസങ്ങളിൽ എ കെ ആന്റണിയുടെ കുടുംബത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ കോൺഗ്രസിനുള്ളിൽ നിന്ന് ഉയരുമെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top