മോഹൻലാലിനെ വലിച്ചുകീറി കോൺഗ്രസ് പത്രം; സംഘപരിവാർ ഭീഷണിക്ക് മുന്നിൽ സൂപ്പർ സ്റ്റാർ കീഴടങ്ങിയെന്ന് പരിഹാസം

എമ്പുരാൻ സിനിമ ഉയർത്തിയ വിവാദം മോഹൻലാലിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി പരിണമിച്ചിരിക്കുകയാണ്. സംഘപരിവാർ ഭീഷണിയ്ക്കു മുന്നിൽ കീഴടങ്ങിയ സൂപ്പർ സ്റ്റാറിനെ വലിച്ചുകീറി ഒട്ടിക്കുന്ന തലക്കെട്ടും വാർത്തയുമായാണ് ഇന്നത്തെ വീക്ഷണം പത്രം പുറത്തിറങ്ങിയത്. തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലെ പ്രസിദ്ധമായ ‘ലേലു അല്ലൂ.. ലേലു അല്ലൂ … ലേലു അല്ലൂ എന്ന ഡയലോഗ് തലക്കെട്ടാക്കി, മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ലാലിൻ്റെ പടവുമായാണ് കോൺഗ്രസ് മുഖപത്രത്തിൻ്റെ ഹെഡ് ലൈൻ സ്റ്റോറി.

അടുത്ത കാലത്തൊന്നും വീക്ഷണം ഇത്ര മാരകമായ വിധത്തിൽ ആരെയും ആക്രമിച്ചു കണ്ടിട്ടില്ല. ‘കീഴടങ്ങൽ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഹൻലാലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് സംഘഭീഷണിയുടെ ആഴം വ്യക്തമാക്കുന്നതാണ്. നാല് ദിവസം പ്രദർശിപ്പിച്ച സിനിമയിൽ നിന്ന് 17ഓളം സീനുകൾ വെട്ടിമാറ്റാൻ എമ്പുരാൻ ടീം നിർബന്ധിതരായി. സംവിധായകൻ പൃഥിരാജിനെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിനൊടുവിൽ മോഹൻലാലിൻ്റെ കുറ്റസമ്മതം കൂടിയായപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഭാവിക്കുമേൽ കരിനിഴൽ കൂടിയായി എന്നാണ് വീക്ഷണത്തിൻ്റെ വിമർശനം.

കേന്ദ്ര ഏജൻസിയെ കാണിച്ച് എമ്പുരാൻ്റെ അണിയറക്കാരെ വിരട്ടുകയാണ്. നിർമ്മാതാക്കളായ ഗോകുലം ഗോപാലനും ആൻ്റണി പെരുമ്പാവൂരും പരിവാർ ഭീഷണിക്കു മുന്നിൽ അടിയറവു പറഞ്ഞു. ആൻ്റണി പെരുമ്പാവൂരിനെതിരായ ഇഡി അന്വേഷണം തനിക്കെതിരായ അന്വേഷണമായി മാറുമെന്ന് ഉറപ്പായതുകൊണ്ടാണ് ലാൽ ലേലു അല്ലു മോഡൽ മാപ്പുപറച്ചിൽ നടത്തിയതെന്നും കോൺഗ്രസ് പത്രം ആക്ഷേപിക്കുന്നു. പൊതുവിൽ എല്ലാവരും മോഹൻലാലിനോട് കാണിക്കാറുള്ള സൌമനസ്യം തെല്ലുമില്ലാതെയാണ് ഇത്തവണ കോൺഗ്രസ് പത്രത്തിൻ്റെ കടന്നാക്രമണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top