മാത്യു കുഴല്‍നാടനെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്; 50 സെന്റ്‌ ഭൂമി അധികം; അളന്ന് നോക്കിയിട്ടില്ലെന്ന് കുഴല്‍നാടന്‍

ഇടുക്കി: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ വിജിലന്‍സ് മാത്യു കുഴൽനാടന്‍ എംഎൽഎയുടെ മൊഴിയെടുത്തു. കുഴല്‍നാടനെതിരെ ഗുരുതര കണ്ടെത്തലുകളെന്നാണ് വിജിലൻസ് വ്യക്തമാക്കിയത്. കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമിയില്‍ 50 സെന്‍റ് അധികമുണ്ടെന്നാണ് കണ്ടെത്തൽ. ഇത് തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. ഭൂമി ഇടപാടിൽ എംഎൽഎ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. ഭൂമി അളന്ന് നോക്കിയിട്ടില്ലെന്നാണ് കുഴല്‍നാടന്‍ മൊഴി നല്‍കിയത്. അധികഭൂമി കണ്ടെത്തിയാല്‍ തിരികെ നല്‍കുമെന്ന് പ്രതികരിച്ചിട്ടുണ്ട്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് മാത്യു കുഴല്‍നാടനെ മൊഴിയെടുപ്പിക്കാന്‍ വിളിപ്പിച്ചത്. പന്ത്രണ്ട് മണിയോടെയാണ് തൊടുപുഴ വിജിലൻസ് ഓഫീസിലെത്തി മൊഴി നല്‍കിയത്. ആധാരത്തിലുള്ളത് ഒരു ഏക്കര്‍ 23 സെന്റ്‌ ഭൂമിയാണെന്നും അളന്നപ്പോള്‍ 50 സെന്‍റ് അധികം കണ്ടെത്തിയെന്നും വിജിലന്‍സ് അറിയിച്ചു.

റിസോര്‍ട്ടിരിക്കുന്ന മുഴുവന്‍ ഭൂമിയും 2008 മുതല്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രജിസ്ട്രേഷന്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതാണ്. ഈ ക്രയവിക്രയം നിയമവിരുദ്ധമാണ്. പോക്കുവരവ് നടന്നപ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറച്ചുവെച്ചു. ഈ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ട്. പരാതിയില്‍ വിജിലന്‍സ് ഇനി റവന്യു ഉദ്യോഗസ്ഥരുടെ കൂടി മൊഴിയെടുക്കും. അതിനുശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിക്കാനാണ് തീരുമാനം. തുടര്‍ന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top