തൊണ്ടിതിരിമറിയിൽ ആൻ്റണി രാജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാരിനുള്ള മറുപടി സെലിൻ വിൽഫ്രെഡ് മുമ്പേ പറഞ്ഞു; മൊഴി പുറത്തുവിടുന്നു

ലഹരിക്കടത്ത് കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അണ്ടർവെയർ വെട്ടിത്തയ്ച്ചു ചെറുതാക്കിയ അഭിഭാഷകൻ ആൻ്റണി രാജുവിനെ രക്ഷിച്ചെടുക്കാൻ, മരിച്ചുപോയ അയാളുടെ സീനിയർ അഭിഭാഷകക്ക് മേൽ കുറ്റം ചാരാനുള്ള ശ്രമം ഇന്നലെയാണ് പുറത്തായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 87ാം വയസിൽ മരിച്ച അഡ്വ.സെലിൻ വിൽഫ്രെഡിനെ കേസിലേക്ക് വലിച്ചിഴക്കുകയാണ് ഇന്നലെ സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ പിവി ദിനേശ് ചെയ്തത്. ഇവരുടെ നിർദേശപ്രകാരമാകാം ജൂനിയറായിരുന്ന ആൻ്റണി രാജു തൊണ്ടിമുതൽ കോടതിയിൽ നിന്നെടുത്ത് തിരിമറി നടത്തിയത് എന്നായിരുന്നു വാദം.

അതേസമയം 1990 മുതലുള്ള അന്വേഷണത്തിൽ ഒരുഘട്ടത്തിലും ആൻ്റണി രാജു പോലും തൻ്റെ സീനിയർ സെലിൻ വിൽഫ്രഡിനെ ഇത്തരമൊരു മൊഴി നൽകിയിട്ടില്ല. എന്നാൽ ആൻ്റണി രാജുവിൻ്റെ അറിവില്ലാതെ ഈ ഘട്ടത്തിൽ സർക്കാർ ഇത് ഉന്നയിക്കുകയുമില്ല. പ്രത്യേകിച്ച് അവരുടെ മരണത്തിന് ഏതാനും മാസങ്ങൾക്കുള്ളിൽ. എന്നാൽ ഇതിനെല്ലാമുള്ള മറുപടി അവർ മുമ്പ് പോലീസിന് നൽകിയ മൊഴികളിലുണ്ട്. തൊണ്ടിയായ അണ്ടർവെയർ വെട്ടിത്തയച്ചു ചെറുതാക്കിയതിന് ആൻ്റണി രാജു പ്രതിയായ കേസിൽ മുമ്പ് രണ്ടുവട്ടം സെലിൻ വിൽഫ്രഡ് മൊഴി നൽകിയിട്ടുണ്ട്. രണ്ടാംവട്ടം കൃത്യമായി തൻ്റെ ജൂനിയറെന്ന പരിഗണനയില്ലാതെ ആൻ്റണി രാജുവിനെ തള്ളിപ്പറയുകയാണ് അവർ ചെയ്തത്.

അണ്ടർവെയർ വെട്ടിച്ചുരുക്കി പ്രതിയെ രക്ഷിച്ചെന്ന കേസിൽ രണ്ടു തവണയാണ് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയത്. ആദ്യം 2002ൽ തെളിവില്ലെന്ന് കാണിച്ചും, പിന്നീട് 2006ൽ തെളിവെല്ലാം നിരത്തിയും. ഈ രണ്ടു തവണയും അന്വേഷണം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപാണ് അഡ്വ.സെലിൻ വിൽഫ്രഡിൻ്റെ മൊഴിയെടുത്തിട്ടുളളത്. ഓസ്ട്രേലിയക്കാരനായ പ്രതിയുടെ, കേസുമായി ബന്ധമില്ലാത്ത സ്വകാര്യ വസ്തുക്കൾ (Personal Properties) കോടതിയിൽ നിന്ന് തിരികെയെടുക്കാൻ ബന്ധു പോൾ എത്തിയപ്പോൾ കോടതിയിൽ സമർപ്പിക്കാനുള്ള അപേക്ഷയിൽ താനാണ് ഒപ്പിട്ട് നൽകിയതെന്ന് ആദ്യമൊഴിയിൽ സെലിൻ വിൽഫ്രഡ് പറഞ്ഞിരുന്നു.

തൻ്റെ ജൂനിയറായിരുന്ന ആൻ്റണി രാജുവിനോട് അപേക്ഷ തയ്യാറാക്കാൻ പറഞ്ഞുവെന്നും അത് കൊണ്ടുവന്നപ്പോൾ ഒപ്പിട്ടുവെന്നുമാണ് മൊഴി. കുറെ നാൾക്കുശേഷം പ്രതിയുടെ ബന്ധു വീണ്ടുമെത്തി ബ്രൌൺ പേപ്പറിൽ പൊതിഞ്ഞ് അടിവസ്ത്രം തിരികെയേൽപിച്ച്, കോടതിയിൽ നിന്ന് നേരത്തെ തന്നതാണെന്ന് പറഞ്ഞു. താൻ ആൻ്റണി രാജുവിനെ വിളിച്ച് അത് തിരികെ കോടതിയിൽ നൽകാൻ പറഞ്ഞു, അങ്ങനെ ചെയ്തതായി പിന്നീട് രാജു അറിയിച്ചു.

രണ്ടാം തവണ അന്വേഷണം വന്നപ്പോൾ കുറച്ചുകൂടി വ്യക്തതയോടെയാണ് അവർ മൊഴി നൽകിയത്. പ്രതിയുടെ ബന്ധുവിൻ്റെ ആവശ്യപ്രകാരം ആൻ്റണി രാജു തന്നെയാണ് അപേക്ഷ തയ്യാറാക്കുകയും, ഒപ്പിട്ടു കോടതിയിൽ സമർപ്പിക്കുകയും ചെയ്തതെന്ന് 2006 ജനുവരി 31ന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇക്കാര്യം രാജു തന്നോട് പറഞ്ഞിരുന്നു എന്നുമാത്രമാണ് സെലിൻ വിൽഫ്രഡ് അന്വേഷണസംഘത്തെ അറിയിച്ചത്. ആദ്യ അന്വേഷണത്തിലെ മൊഴിയായി തന്നെ കാണിച്ച രേഖയിലുള്ളത് ശരിയല്ലെന്നും ആൻ്റണി രാജു തന്നെയാണ് അപേക്ഷ തയ്യാറാക്കിയതും കോടതിയിൽ കൊടുത്തതുമെന്ന് സെലിൻ വിൽഫ്രഡ് ഉറപ്പിച്ചുപറയുന്നു.

എന്നാൽ കേസുമായി ബന്ധമില്ലാത്ത പ്രതികളുടെ സാമഗ്രികൾ വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടാൽ അത് വാങ്ങാൻ എത്തുന്നയാളെ കോടതി ജീവനക്കാർക്ക് പരിചയപ്പെടുത്തുക മാത്രമാണ് വക്കീലിൻ്റെ ജോലിയെന്നിരിക്കെ, ആൻ്റണി രാജു എന്തിനാണ് തൊണ്ടി റജിസ്റ്ററിൽ ഒപ്പിട്ട് ഈ സാധനങ്ങൾ കൈപ്പറ്റിയതെന്ന് മനസിലാകുന്നില്ല എന്നുകൂടി സെലിൻ വിൽഫ്രഡ് പ്രത്യേകം പരാമർശിക്കുന്നു. ‘തൊണ്ടിയായ ജട്ടി’ കോടതിയിൽ നിന്ന് വാങ്ങി തിരിമറി നടത്തിയ കാര്യം വിചാരണാസമയത്ത് തനിക്ക് അറിയില്ലായിരുന്നു എന്നുകൂടി സെലിൻ വിൽഫ്രഡ് വിശദീകരിക്കുന്നു. സീനിയർ വക്കീൽ നിർദേശിക്കാതെ ഒരു ജൂനിയറും ഇങ്ങനെ ചെയ്യില്ലെന്നും, ആൻ്റണി രാജു ബലിയാടായതാണെന്നും അന്നും ഇന്നും വാദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ മൊഴികൾ.

Also Read: തൊണ്ടിതിരിമറി ആൻ്റണി രാജുവിൻ്റെ സീനിയർ വനിതക്ക് മേൽ കെട്ടിവച്ച് സർക്കാർ; കേസ് വേണ്ടിവന്നാൽ സിബിഐക്ക് വിടുമെന്ന് സുപ്രീം കോടതി

അരനൂറ്റാണ്ടിലേറെ കാലം അഭിഭാഷക ആയിരുന്ന സെലിൻ വിൽഫ്രഡ് ഒട്ടേറെ കേസുകളിൽ സർക്കാരിന് വേണ്ടിയും ഹാജരായിരുന്നു. സർക്കാരും പോലീസും പ്രതിക്കൂട്ടിലായ ചെറിയതുറ വെടിവയ്പ് പോലെ പലതിലും സർക്കാരിൻ്റെ മുഖം രക്ഷിച്ചതും അവരായിരുന്നു. എന്നാലിപ്പോൾ സെലിൻ വിൽഫ്രഡ് മരിക്കാൻ കാത്തിരുന്നു, അവർക്ക് മേൽ കുറ്റംചാർത്തി ആൻ്റണി രാജുവിനെ രക്ഷിച്ചെടുക്കാൻ എന്നത് പോലെയായി സർക്കാർ നീക്കം. ആൻ്റണി രാജു അറിയാതെ ഇത്തരമൊരു നീക്കം സർക്കാർ പക്ഷത്ത് നിന്നുണ്ടാകില്ലെന്നും വ്യക്തം.

Also Read: ‘കേസ് ഞാൻ കേൾക്കാതിരിക്കാൻ നീക്കം’; പൊട്ടിത്തെറിച്ച് ജസ്റ്റിസ് സി.ടി.രവികുമാർ; വേണമെങ്കിൽ ഒഴിയാമെന്ന് ആൻ്റണി രാജുവിനോട്

തെളിവില്ലെന്ന് കാണിച്ച് 2002ൽ അവസാനിപ്പിക്കാൻ ശ്രമിച്ച കേസ് 2005ൽ പുനരന്വേഷണം തുടങ്ങിയതോടെയാണ് ആൻ്റണി രാജും കോടതി ജീവനക്കാരൻ കെ.എസ്.ജോസും പ്രതികളായത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം അതീവ ഗുരുതര കുറ്റങ്ങളാണ് ഉണ്ടായിരുന്നത്. തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. എട്ടുവർഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ൽ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു.

Also Read: പിണറായി സർക്കാരും പറഞ്ഞു ആൻ്റണി രാജു തൊണ്ടി തിരിമറി നടത്തിയ പ്രതിയെന്ന്; ശിക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയിൽ; കുരുക്കിയത് യുഡിഎഫ് എന്ന വാദം പൊളിഞ്ഞു; കേസ് 19ന്

അവിടം മുതലിങ്ങോട്ട് 2022 വരെ 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ൽ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആൻ്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീണ്ടു. 2022 ജൂലൈയിൽ ഇക്കാര്യം പുറത്തുവന്നതോടെ ഹൈക്കോടതി ഇടപെടലുണ്ടായി. ഇതോടെ മുപ്പത് വർഷത്തോളം പഴക്കമുള്ള കേസ് റദ്ദാക്കാനായി ആൻ്റണി രാജു ആദ്യമായി കോടതിയെ സമീപിക്കുന്നു. പ്രതി ഉന്നയിച്ച സാങ്കേതിക പ്രശ്നങ്ങൾ അംഗീകരിച്ച കോടതി, ഏഴുമാസത്തിന് ശേഷം കേസ് റദ്ദാക്കുന്നു, എന്നാൽ പിഴവുകൾ പരിഹരിച്ച് പുതിയ അന്വേഷണം നടത്താൻ നിർദേശിക്കുന്നു. ഇതിനെതിരെ പ്രതി ആൻ്റണി രാജു സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതി പരിഗണിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top