23 വയസ് -16 സർജറി; ഒരുകാലില്ല; ക്യാൻസർ അടക്കം ദുരിതപ്പെരുമഴ; എന്നിട്ടും ഞെട്ടിക്കുന്നു ശ്യാം എന്ന അത്ഭുതം
തിരുവനന്തപുരം: പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതാഭിലാഷമായിരുന്ന സ്കൈ ഡൈവിങ് പഠിച്ച് ശ്യാം പറന്നിറങ്ങിയത് 12000 അടിയാണ്. ‘ഓരോ ദിവസവും വേദന അനുഭവിച്ച് ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷെ ആത്മഹത്യ ചെയ്യാൻ ഞാൻ തയ്യാറല്ല. ജീവിതത്തോട് പൊരുതാനാണ് ഇഷ്ടമെന്ന്’ ശ്യാം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
എട്ടാം വയസിൽ വലതുകാൽ മുറിച്ചു മാറ്റിയ ശ്യാം കൃത്രിമ കാലിന്റെ സഹായത്തോടെയാണ് നടക്കുന്നത്. മൂന്ന് വൃക്കകളുമായി ജനനം, ഒരു വർഷം മുൻപ് വൃക്ക മാറ്റി വച്ചു, നട്ടെല്ലിന് അർബുദം ബാധിച്ചു, 23 വയസിനിടയിൽ 16 ഓളം ശസ്ത്രക്രിയകൾ. ഒരു സാധാരണ മനുഷ്യന് ജീവിതത്തിലെ പ്രതീക്ഷ നഷ്ടമാകാൻ ഇതൊക്കെ ധാരാളം. ഈ അവസ്ഥയിലാണ് എസ്. എസ്.ശ്യാം കുമാർ എന്ന ചെറുപ്പക്കാരൻ അത്ഭുതമാകുന്നത്. രോഗങ്ങൾ തളർത്തിയ ജീവിതത്തിൽ തളരാനല്ല എക്സ്ട്രീം ലെവൽ നേടാനാണ് ശ്യാം തീരുമാനിച്ചത്. ബാങ്കോക്കിൽ നിന്നാണ് ശ്യാം സ്കൈ ഡൈവിങ് പഠിച്ചത്. “ആകാശത്ത് സ്വന്തം ശരീരം നിയന്ത്രിക്കുന്നത് തന്നെ ശ്രമകരമാണ്, കൃത്രിമ കാൽ നിയന്ത്രിക്കാൻ കഴിയുകയുമില്ല. മരണം മുന്നിൽ കണ്ട നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ ശാരീരികവും മാനസികവുമായ ഒരുപാട് വേദനകൾ സഹിച്ചിട്ടുള്ളതുകൊണ്ട് എന്തുവന്നാലും ഭയമില്ല. പറക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് എന്തും നേരിടാൻ തയാറായിരുന്നു”- ശ്യാം പറഞ്ഞു.
ജീവിതത്തിൽ പലതവണ മരണത്തെ മുന്നിൽ കണ്ട ശ്യാം മനക്കരുത്ത് ഒന്നുകൊണ്ട് മാത്രമാണ് മുന്നേറിയത്. 16 വർഷം പുറംലോകത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്ന ഈ ചെറുപ്പക്കാരന് പ്രതീക്ഷ നൽകിയത് സൈക്ലിംഗിനോടുള്ള ഇഷ്ടമാണ്. സ്വന്തം പ്രയത്നത്തിലൂടെ പതിനാറാം വയസിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചു. ഡയാലിസിസ് ചെയ്യുന്നതിനിടയിൽ 1000 കിലോമീറ്റർ സൈക്കിൾ ചവിട്ടി വിധിയെ തോൽപ്പിച്ചു. സ്കേറ്റിങ്, മൗണ്ടെയ്നറിങ്, തുടങ്ങി ഇഷ്ടമുള്ളതെല്ലാം ശ്യാം ചെയ്യാൻ തുടങ്ങി. ഇതിനിടയിലാണ് പറക്കാനുള്ള സ്വപ്നത്തിന് ചിറകു നൽകാൻ തീരുമാനിച്ചത്. ഒറ്റ സ്കൈ ജമ്പിൽ തീരുന്നില്ല ശ്യാമിന്റെ മോഹങ്ങൾ. 40000 അടി ഉയരത്തിൽ നിന്ന് സ്കൈ ജമ്പ് ചെയ്യണമെന്നാണ് അടുത്ത ലക്ഷ്യം. അതിന് ഇനിയും ഒരുപാട് പരിശീലനം ആവശ്യമാണ്, ചിലവും ഭീമമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാൽ ആഗ്രഹം സഫലീകരിക്കാൻ സ്‌പോൺസർഷിപ്പ് ലഭിക്കാനുള്ള ശ്രമത്തിലാണ് ശ്യാം ഇപ്പോൾ.
ഒറ്റപ്പെടലുകൾക്ക് ഇടയിലും ജീവിതത്തിൽ ജയിച്ചു കയറാനുള്ള ആത്മവിശ്വാസമാണ് ശ്യാം നൽകുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം പരിമിതികൾ മനസിലാക്കി അവയെ കരുത്താക്കിയാണ് ശ്യാം മുന്നേറുന്നത്. ശ്യാമിന്റെ ആത്മവിശ്വാസത്തിനൊപ്പം നിൽക്കുകയാണ് കുടുംബവും.