വയനാട്ടില്‍ റാഗിങിനിരയായി മരിച്ച നിലയില്‍ കാണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യപ്രതി പിടിയിൽ; അഖിലിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് നിന്നും
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ റാഗിങിനിരയായ ജെ.എസ്.സിദ്ധാര്‍ത്ഥന്റെ (20) മരണത്തില്‍ ഒരാള്‍ കൂടി പിടിയിലായി. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥൻ റാഗിങിനിരയായി ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നെന്നും ആരോപണമുണ്ട്.
സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗമടക്കം 6 പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്.അഭിഷേക് (23), രെഹാൻ ബിനോയ് (20), എസ്.ഡി.ആകാശ് (22), ആർ.ഡി.ശ്രീഹരി, ഡോൺസ് ഡായ് (23), ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണ് പിടിയിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്നു 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. ഇവരിൽ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 12 പേർ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒളിവിൽപോയ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുമെന്നും പൊലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here