മാർ തറയിൽ അന്ന് പറഞ്ഞു, ഒരു യുവജനസംഘടന ക്യാമ്പസിൽ ലഹരി ഏജൻ്റുമാരാണെന്ന്!! ഇപ്പോഴിതാ കളമശേരി ഹോസ്റ്റൽ റെയ്ഡും SFI നേതാവിൻ്റെ അറസ്റ്റും

“നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെ സംരക്ഷിക്കാനായിട്ടുള്ള പരിശ്രമങ്ങൾ ഉണ്ടാകണം. ക്യാമ്പസുകളിൽ ഇത്തരത്തിലുള്ള കാര്യങ്ങളുണ്ടോയെന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങൾ വേണം. ഞാൻ മനസിലാക്കിയത്, ഒരു പ്രമുഖ രാഷ്ട്രീയ സംഘടന തന്നെ ക്യാമ്പസുകളിൽ മയക്കുമരുന്നിൻ്റെ ഏജൻ്റുമാരാണ് എന്നാണ്. ഇതിൽക്കൂടുതൽ ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം… ഒരു രാഷ്ട്രീയ യുവജന സംഘടന തന്നെയാണ് ഇതിൻ്റെ മെയിൻ ഏജൻ്റുമാർ.” കത്തോലിക്കാ മെത്രാൻനിരയിലെ ജനകീയനും ചങ്ങനാശേരി ആർച്ചുബിഷപ്പുമായ മാർ തോമസ് തറയിൽ ഈയടുത്ത് ഒരു പ്രസംഗത്തിൽ പറഞ്ഞതാണിത്.
അദ്ദേഹം അവകാശപ്പെട്ടത് പോലെ, കൃത്യമായ എന്തെങ്കിലും വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞത് ആണെങ്കിലും അല്ലെങ്കിലും ഒരു ശരാശരി മലയാളിക്ക് നാട്ടിലെ ഇപ്പോഴത്തെ ലഹരി വ്യാപനത്തെക്കുറിച്ചും ക്യാമ്പസുകളുടെ അവസ്ഥയെക്കുറിച്ചും ഉളള ധാരണകളുടെ ഒരു സൂചനയാണിത്. ഈ പ്രസംഗം അന്ന് കേട്ടവർ, ഇന്ന് അക്ഷരാർത്ഥത്തിൽ മൂക്കത്ത് വിരൽവച്ചുപോയി, കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ റെയ്ഡിൻ്റെയും എസ്എഫ്ഐ നേതാവിൻ്റെ അറസ്റ്റിൻ്റെയും വാർത്തകൾ കണ്ടപ്പോൾ.

ക്യാമ്പസിലെ സംഘർഷങ്ങളുടെ പേരിൽ വിദ്യാർത്ഥി സംഘടനകൾക്കെതിരെ പ്രതിഷേധം രൂക്ഷമാകുമ്പോൾ മുതിർന്ന നേതാക്കളടക്കം പുറത്തെടുക്കുന്ന വാദമാണ്, ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകളെ നിരോധിച്ച് രാഷ്ട്രീയബോധം ഇല്ലാതെപോയാൽ സർവവിധത്തിലുമുള്ള അരാജകത്വവും പിടിമുറുക്കുമെന്ന്. എന്നാലിപ്പോൾ അതേ സംഘടനകൾ തന്നെ ലഹരിയുടെ ഏജൻ്റുമാർ ആകുകയും, അത് ബിസിനസാക്കി വളർത്തുകയും ചെയ്യുന്ന ചിത്രം തെളിയുമ്പോൾ ഇതിനേക്കാൾ വലിയ അരാജകത്വം എന്താണ് വരാനിരിക്കുന്നത് എന്ന ചോദ്യമാണ് സാധാരണക്കാർ അടക്കം ഉയർത്തുന്നത്.
കഴിഞ്ഞ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നീണ്ട റെയ്ഡിൽ കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നായി പിടികൂടിയ രണ്ടു കിലോയോളം കഞ്ചാവ്, ചില്ലറ വിൽപനക്കായി ചെറിയ പാക്കറ്റുകളിലേക്ക് നിറച്ചുവച്ച നിലയിലാണ് കണ്ടെത്തിയത്. എസ്എഫ്ഐയുടെയും കെഎസ് യുവിൻ്റെയും ക്യാമ്പസിലെ നേതാക്കളടക്കം താമസിച്ചിരുന്ന മുറികളാണിവ. എസ്എഫ്ഐ നേതാവ് അഭിരാജ് അടക്കം മൂന്നുപേർ അറസ്റ്റിലായപ്പോൾ, മുറികളിലൊന്നിലെ താമസക്കാരൻ കെഎസ് യുക്കാരൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് വിശദീകണം. എന്ത് തന്നെയായാലും വിദ്യാർത്ഥി സംഘടനാ നേതാക്കളിലേക്ക് ലഹരിയുടെ അന്വേഷണം നേരിട്ടെത്തി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളം കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here