ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്ന് ഇന്ത്യയിലെ വിദ്യാര്‍ഥി ആത്മഹത്യാനിരക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യയെ സംബന്ധിച്ച് അമ്പരപ്പിക്കുന്ന കണക്ക് പുറത്ത്. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാനിരക്ക് ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെയും മൊത്തത്തിലുള്ള ആത്മഹത്യാ നിരക്കിനെയും മറികടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍.സി.ആര്‍.ബി.)യില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
രാജ്യത്തെ ആകെ ആത്മഹത്യാനിരക്കില്‍ പ്രതിവര്‍ഷം രണ്ടു ശതമാനമാണ് വര്‍ധനവ്. എന്നാല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാനിരക്കിലെ വര്‍ധന നാലുശതമാനമാണ്. 2022-ല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളില്‍ 53 ശതമാനവും ആണ്‍കുട്ടികളാണ്. 2021-22 കാലയളവില്‍ ആണ്‍കുട്ടികളുടെ ആത്മഹത്യാനിരക്കില്‍ ആറുശതമാനം കുറവുണ്ടായി. എന്നാല്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാനിരക്കില്‍ ഏഴുശതമാനം വര്‍ധനയുണ്ടായി.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 0-24 വയസിന് ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യ 58.2 കോടിയില്‍നിന്ന് 58.1 കോടിയായി കുറഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്ക് 6,654-ല്‍നിന്ന് 13,044 ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആകെ വിദ്യാര്‍ഥികളുടെ ആത്മഹത്യകളില്‍ മൂന്നിലൊന്നും ഈ സംസ്ഥാനങ്ങളില്‍നിന്നാണ്. ആകെ ആത്മഹത്യാ കേസുകളില്‍ 29 ശതമാനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്.
പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് എന്‍സിആര്‍ബി ഡാറ്റ ശേഖരിച്ചിട്ടുള്ളത്. അതേസമയം, റിപ്പോര്‍ട്ട് ചെയ്യാത്ത ആത്മഹത്യാ കേസുകളും ഉണ്ടായിരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here