പഞ്ചസാര തരണം കലാമേള നടത്താന്‍; രേഖാമൂലം ആവശ്യപ്പെട്ട് ഹെഡ്മിസ്ട്രസ്

കോഴിക്കോട് : റവന്യൂ കലാമേളയ്ക്കായി വിദ്യാര്‍ത്ഥികള്‍ ഒരു കിലോ പഞ്ചസാര കൊണ്ട് വരണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് ഹെഡ്മിസ്ട്രസ്. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.റോസിലിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരമൊരു നോട്ടീസ് നല്‍കിയിരിക്കുന്നത്. പഞ്ചസാരയല്ലെങ്കില്‍ പകരമായി 40 രൂപ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കലാമേളയ്ക്കായുള്ള വിഭവ സമാഹരണത്തിന് ഓരോ സ്‌കൂളിനും ഓരോ ഇനങ്ങളാണ് നല്‍കിയിരിക്കുന്നത്. നമ്മുടെ സ്‌കൂളിന് ലഭിച്ചിരിക്കുന്നത് പഞ്ചസാരയാണെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ചയാണ് രക്ഷിതാക്കള്‍ക്കായി ഇത്തരമൊരു നോട്ടീസ് പുറത്തിറക്കിയത്. അടുത്ത ദിവസം തന്നെ പഞ്ചസാരയെത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസംബര്‍ മൂന്ന് മുതലാണ് റവന്യൂ ജില്ലാ കലോത്സവം പേരാമ്പ്രയില്‍ നടക്കുന്നത്. കലാമേളയില്‍ 15000 പേര്‍ക്കാണ് ദിവസവും ഭക്ഷണമൊരുക്കേണ്ടത്. ഇതിനായാണ് വിഭവ സമാഹരണം നടത്തുന്നത്. ഓരോ സ്‌കൂളുകള്‍ക്കും വിഭവ സമാഹരണത്തിന് ഓരോ ഇനങ്ങള്‍ തരംതിരിച്ച് നല്‍കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പ്രതികരണം. ഭക്ഷണം ഒരുക്കുന്നതിനുള്ള പണം സര്‍ക്കാര്‍ അനുവദിക്കാറുണ്ട്. ഇതോടൊപ്പം ജനകീയ പങ്കാളിത്തത്തിലൂടേയും വിഭവ സമാഹരണം നടത്താറുണ്ട്. എന്നാല്‍ നിര്‍ബന്ധമായി നല്‍കാന്‍ പറയാറില്ലെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. എന്നാല്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണ് നോട്ടീസ് നല്‍കിയെന്ന നിലപാടിലാണ് ഹെഡ്മിസ്ട്രസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here