വന്യമൃഗശല്യം മൂലം കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു; പരീക്ഷ പോലും എഴുതാതെ നിരവധി പേര്‍; വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരം
കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ മേഖലകളില്‍ വന്യമൃഗശല്യം വര്‍ദ്ധിച്ചതോടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പോലും ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പ്രൈമറി – അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ കുട്ടികളുടെ ഹാജര്‍ നിലയില്‍ 40 മുതല്‍ 50 % വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗശല്യം മൂലം കുട്ടികള്‍ സ്‌കൂളുകളില്‍ വരാന്‍ ഭയപ്പെടുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്.
വനാതിർത്തികളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കും വിട്ടുനില്‍ക്കലും രൂക്ഷമായി തുടരുന്നത്. ഇക്കഴിഞ്ഞ ദിവസം എരിമക്കൊല്ലി അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ മുറ്റത്ത് കാട്ടുപോത്ത് എത്തിയത് രക്ഷാകര്‍ത്താക്കളിലും അധ്യാപകരിലും ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ ചില സ്‌കൂള്‍ പരിസരങ്ങളില്‍ ആന, കാട്ടുപോത്ത്, കടുവ, പുലി, തുടങ്ങിയ വന്യജീവികളെ മുമ്പും കണ്ടിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളുകളിലേക്ക് വരുന്ന വഴികളിലും മറ്റും മൃഗങ്ങളെ കണ്ട് ഭയന്നോടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ആദിവാസി മേഖലകളില്‍ നിന്നുള്ള ധാരാളം കുട്ടികള്‍ ക്ലാസുകള്‍ ഉപേക്ഷിച്ച മട്ടാണ്. വന്യമൃഗശല്യം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുമെന്ന ഭയപ്പാടിലാണ് അധ്യാപകര്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here