സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾക്ക് അഭിമാനനേട്ടം; ദേശീയതലത്തിൽ ഏഴ്‌ വിദ്യാർത്ഥികൾക്ക് സ്വർണമെഡൽ; ഇത്രയധികംപേർക്ക് അംഗീകാരം കിട്ടുന്നത് ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ബിരുദം നേടിയവരാണ് ഈ പരീക്ഷയില്‍ പങ്കെടുത്തത്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ അധ്യാപനത്തിലും മികവിന്റെ കേന്ദ്രങ്ങളാണെന്നതിന്റെ സാക്ഷ്യം കൂടിയാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

എന്‍ഡോക്രൈനോളജിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വി. കാര്‍ത്തിക്, നെഫ്രോളജിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണന്‍, ഫോറന്‍സിക് മെഡിസിനില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. രഹ്നാസ് അബ്ദുള്‍ അസീസ്, മൈക്രോബയോളജിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ടി.പി. സിത്താര നാസര്‍, ന്യൂറോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. അജിത അഗസ്റ്റിന്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. പി.ഡി. നിതിന്‍, ഇ.എന്‍.ടി. വിഭാഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയത്.

ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ ദേശീയ തലത്തില്‍ ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. മേയ് 10ന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സ്വര്‍ണ മെഡലുകള്‍ സമ്മാനിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top