നവകേരള സദസിന് ആളെ കൂട്ടാന്‍ വിദ്യാര്‍ത്ഥികളെ ഇറക്കുന്നു; സ്പീക്കറുടെ ആവശ്യത്തില്‍ നോട്ടീസ് ഇറക്കി പ്രിന്‍സിപ്പല്‍

കണ്ണൂര്‍ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ആളെക്കൂട്ടാന്‍ വിദ്യാര്‍ത്ഥികളെ ഇറക്കുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയിറക്കി സദസ് നിറയ്ക്കാനാണ് ശ്രമം നടക്കുന്നത്. തിരൂരങ്ങാടി ഡിഇഒ ഹെഡ്മാസ്റ്റ്‌റര്‍മാരുടെ യോഗം വിളിച്ചാണ് സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെ വീതം നിര്‍ബന്ധമായും എത്തിക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അച്ചടക്കമുളള കുട്ടികളെ തിരഞ്ഞെടുത്ത് വേണം എത്തിക്കാന്‍. ഇതിന് സ്‌കൂള്‍ ബസ് ഉപയോഗിക്കാമെന്നും ഡിഇഒ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്നലെ തലശ്ശേരിയില്‍ നടന്ന നവകേരള സദസില്‍ കുട്ടികളെ കൂട്ടത്തോടെ എത്തിക്കണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സഹകരണ വകുപ്പിന് കീഴിലുള്ള തലശേരി എഞ്ചിനിയറിംഗ് കോളേജിലെ പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

വൈകുന്നേരം 3.30 മുതല്‍ 8 മണി വരെ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എത്തണമെന്നാണ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയിത്. ഇതിനായി കോളേജ് ബസ് വിട്ടുകൊടുക്കുയും ചെയ്തിട്ടുണ്ട്. നവകേരള സദസു പോലുള്ള പരിപാടികളിലേക്ക് ക്ലാസുകള്‍ മുടക്കി വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങാണ് അവധി പ്രഖ്യാപിച്ചത്. നവംബര്‍ 24 ന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേമുണ്ട എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കും 25ന് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്, നന്മണ്ട എച്ച്.എസ്.എസ്, 26ന് കുന്ദമംഗലം എച്ച്.എസ്.എസ്, കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്കാണ് അവധി നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here