ഷവർമയ്ക്ക് സ്റ്റഡി ക്ലാസ്; നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്ന്

തിരുവനന്തപുരം: ഷവർമ വിൽപന നടത്തുന്നവർക്കായി പ്രത്യേക ക്ലാസുകൾ നൽകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഷവർമ പാകം ചെയ്യുന്നതിൽ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഇന്നലെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കഴിഞ്ഞ വർഷം ഷവർമ കഴിച്ച് മരിച്ച കാസർകോട് സ്വദേശിനിയായ 16 വയസുകാരി ദേവനന്ദയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 50 ഓളം പേർക്കും അന്ന് ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. ഷവർമ കഴിച്ചുണ്ടാകുന്ന മരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്. കഴിഞ്ഞ മാസം കോട്ടയം സ്വദേശിയായ യുവാവും ഷവർമ കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധയെത്തുടർന്ന് മരിച്ചിരുന്നു.

നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് ക്ലാസുകൾ നടത്തുന്നത്. ഷവർമ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പച്ച മുട്ട ഒഴിവാക്കി വെജിറ്റബിൾ മയോനൈസ് അല്ലെങ്കിൽ പാസ്ച്വറൈസ്ഡ് മയോനൈസ് ഉപയോഗിക്കേണ്ട രീതി തുടങ്ങി സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമായ വിവരങ്ങളാണ് ക്ലാസിൽ ഉൾപ്പെടുത്തുന്നതെന്ന് ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മിഷണർ അജി.എസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ തയാറാക്കുന്ന തീയതിയും സമയവും ഫുഡ് പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനുപുറമെ ഷവർമ പാകം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളും ഈ വർഷം ജനുവരിയിൽ കൊണ്ട് വന്നു. ഇവ കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ പരിശോധന കർശനമാക്കാനും പൊതുജനങ്ങൾക്ക് ഇടയിൽ ബോധവത്കരണം നടത്താനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികളെ കോടതി അഭിനന്ദിച്ചു.

ബാക്ടീരിയ, വൈറസ് മുതലായ മൈക്രോബുകളുടെ സാന്നിധ്യമാണ് മരണത്തിന് ഇടയാക്കുന്നത്. വേവിക്കാത്തതോ പഴയകിയതോ ആയ മാംസം ഉപയോഗിക്കുന്നതും, മയോനൈസിലെ പച്ച മുട്ടയുടെ ഉപയോഗവുമാണ് ഇതിനു പ്രധാന കാരണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അന്വേഷണങ്ങളിൽ വ്യക്തമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top