പോച്ചര്‍ ഏറെ വെല്ലുവിളി നിറഞ്ഞ സീരീസ് എന്ന് നിമിഷ സജയന്‍; ‘കാലികപ്രസക്തിയുള്ള സിനിമകളുടെ ഭാഗമാകാനാണ് ശ്രമം’
തിരഞ്ഞെടുക്കുന്ന സിനിമകള്‍ കൊണ്ടും അഭിനയ മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയന്‍. എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് റിച്ചി മേത്തയുടെ പോച്ചര്‍ എന്ന വെബ് സീരീസില്‍ അഭിനയിച്ചതോടെ നിമിഷയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെക്കുറിച്ചുള്ള ക്രൈം ത്രില്ലറായ പോച്ചറില്‍ കേരള വനം വകുപ്പ് ഓഫീസറുടെ വേഷത്തിലാണ് നിമിഷ എത്തിയത്. മാല ജോഗി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. നിമിഷയുടെ പ്രകടനം അതിശയിപ്പിച്ചെന്ന് അഭിനേതാവും പോച്ചറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ബോളിവുഡ് താരം ആലിയ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു.
ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട്, മഹേഷ് നാരായണന്റെ മാലിക്, രാജീവ് രവിയുടെ തുറമുഖം തുടങ്ങി അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനങ്ങളാണ് നിമിഷ കാഴ്ചവച്ചത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പോച്ചറില്‍ യഥാര്‍ത്ഥ ജീവിതത്തിലെ മാല ജോഗിയായുള്ള പകര്‍ന്നാട്ടമാണ് നിമിഷ കാഴ്ചവച്ചത്. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങള്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന വ്യക്തിയാണ് നിമിഷ. അഭിനയിക്കുന്ന സിനിമകള്‍ സമൂഹത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുന്നതാകണമെന്നാണ് ആഗ്രഹമെന്ന് ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ നിമിഷ വ്യക്തമാക്കി.
‘അഭിനയം വളരെ ഗൗരവത്തോടെയാണ് ഞാന്‍ കാണുന്നത്. കാലികപ്രസക്തിയുള്ള സിനിമകളുടെ ഭാഗമാകാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ചെയ്യുന്ന സിനിമകള്‍ ക്ലൈമാക്‌സില്‍ ഒതുങ്ങി നില്‍ക്കാതെ അതിനപ്പുറത്തേക്ക് ചര്‍ച്ചാവിഷയമാകണമെന്ന് ആഗ്രഹിക്കാറുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ ക്യാമറയ്ക്കു മുന്നില്‍ കഥാപാത്രത്തിന്റെ വികാരങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ആളുകള്‍ക്ക് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായും സാഹചര്യമായും താദാത്മ്യം പുലര്‍ത്താന്‍ കഴിയൂ,’ നിമിഷ ടെലിഗ്രാഫിനോട് പറഞ്ഞു.
മൃഗങ്ങളെ ഇഷ്ടപ്പെടുന്ന തനിക്ക് മാല ജോഗി ഏറെ പ്രിയപ്പെട്ട കഥാപാത്രമാണെന്ന് നിമിഷ പറയുന്നു. റിച്ചി മേത്ത പോച്ചറിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ, ആ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം തോന്നി. വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്ന സീരീസാണ് പോച്ചര്‍ എന്ന് വായിച്ചപ്പോള്‍ തന്നെ തിരിച്ചറിഞ്ഞെന്നും നിമിഷ പറയുന്നു. പോച്ചര്‍ ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ സീരീസായിരുന്നു. എന്നാല്‍ ആത്മാര്‍ത്ഥമായി കലയെ സ്‌നേഹിക്കുന്നയാള്‍ക്ക് ഒന്നും പ്രയാസമായി തോന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here