പെരുമഴയത്തും സ്കൂൾ സ്പോർട്സ് മീറ്റ് നിർത്തിവച്ചില്ല; കുട്ടികൾ ഓടിയത് വെള്ളം നിറഞ്ഞുകിടന്ന ഗ്രൗണ്ടിൽ, പ്രതിഷേധം

തിരുവനന്തപുരം: പെരുമഴയിൽ സ്കൂൾ വിദ്യാർഥികളോട് കടുത്ത ക്രൂരത. രാവിലെ മുതൽ ജില്ലയിൽ മഴ തോരാതെ തുടർന്നിട്ടും കാട്ടാക്കട സബ് ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റ് റദ്ദാക്കാൻ തയാറാകാതെ എഇഒ. കനത്ത മഴയത്ത് 200ലധികം വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന ഗ്രൗണ്ടിലാണ് ഓട്ടം ഉൾപ്പെടെയുള്ള മത്സരങ്ങൾ നടക്കുന്നത്. നനഞ്ഞു കുതിർന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ ദൃശ്യം ദയനീയമാണ്. മാത്രമല്ല ഗ്രൗണ്ടിൽ തെന്നി വീണ് അപകടമുണ്ടാകാനും സാധ്യതയുണ്ട്.

മത്സരം തുടങ്ങുമ്പോൾ മഴ ഇല്ലായിരുന്നെന്നും മഴ തുടങ്ങിയതിനാൽ മത്സരങ്ങൾ നിർത്തയെന്നുമാണ് കിളിമാനൂർ എഇഒ എസ്.പ്രദീപ് ആദ്യം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്. പിന്നീട് മത്സരങ്ങൾ ഉടനെ നിർത്തുമെന്ന് മാറ്റി പറഞ്ഞു. എന്നാൽ മഴയാണെന്ന് അറിയിച്ചിട്ടും മത്സരം നിർത്താൻ നിർദേശം കിട്ടിയിട്ടില്ലെന്നും കനത്ത മഴയിലും എട്ട് ഇനങ്ങളിൽ മത്സരം നടന്നെന്നുമാണ് ഗ്രൗണ്ടിൽ നിൽക്കുന്ന അധ്യാപകർ പറഞ്ഞത്.

കനത്ത മഴയിൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പും സർക്കാരുമടക്കം നിരന്തരം നിർദേശം നൽകിക്കൊണ്ടിരിക്കുമ്പോഴാണ് എഇഒയുടെ ഈ കടുത്ത അനാസ്ഥ.

Logo
X
Top