ചരമദിനമില്ലാത്ത പോരാളി!! സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരേയൊരു സർവസൈന്യാധിപൻ്റെ ജൻമദിനം ഇന്ന്
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ 128-ാം ജന്മവാർഷിക ദിനമായ ജനുവരി 23 പരാക്രം ദിവസ്, ദേശ് പ്രേമ് ദിവസ് എന്നിങ്ങനെ രാജ്യം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അവസാന സായുധ പോരാട്ടം നടത്തിയ നേതാജിയുടെ ജൻമദിനം 2021 മുതലാണ് കേന്ദ്ര സർക്കാർ പരാക്രമ് ദിവസായി ആഘോഷിക്കുന്നത്. 1987 ജനുവരി 23ന് അന്ന് ബംഗാളിൻ്റെ ഒറീസയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം. എന്നാൽ 1945 ഓഗസ്റ്റ് 18ന് തായ്പേയിൽ നടന്ന വിമാന അപകടത്തിൽ അദ്ദേഹം മരണപ്പെട്ടുവെന്നാണ് ലോകം വിശ്വസിക്കുന്നത്.
എന്നാൽ കേന്ദ്ര സർക്കാരോ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടനെയും മറ്റ് സഖ്യകക്ഷികളെയും കബളിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് വിമാന അപകടകെട്ടുകഥയെന്നാണ് അദ്ദേഹത്തിൻ്റെ അനുയായികളും ആരാധകരും അവകാശപ്പെടുന്നത്. 1991 ൽ നരസിംഹറാവു സർക്കാർ നേതാജിക്ക് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഉന്നതമായ പൊതുസേവനത്തിനും നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനയ്ക്കും ഉള്ള അംഗീകാരമായിട്ടായിരുന്നു ഭാരതരത്നം നൽകാൻ തീരുമാനിച്ചത്. എന്നാൽ നേതാജിയുടെ തിരോത്ഥാനം സംബന്ധിച്ച നിഗൂഢതയാണ് ആദ്യം അവസാനിപ്പിക്കേണ്ടത്, എന്നിട്ട് മതി മരണാനന്തരമായി പുരസ്ക്കാരം നൽകുന്നതെന്ന് ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്ര ബോസിൻ്റെ കുടുംബാംഗങ്ങളും അദ്ദേഹം സ്ഥാപിച്ച പാർട്ടിയായ ഫോർവേഡ് ബ്ലോക്കും രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നേതാജിക്ക് നൽകിയ ഭാരതരത്ന കേന്ദ്ര സർക്കാർ പിൻവലിക്കുകയായിരുന്നു.
ഇന്ത്യയിൽ നിന്നും ബ്രിട്ടൻ്റെ പിൻമാറ്റത്തിന് കാരണമായത് നേതാജിയുടെ ആയുധമെടുത്തുള്ള പോരാട്ടമാണ് എന്ന് വിശ്വസിക്കുന്നവർ ഇന്നും ധാരാളമുണ്ട്. അത്തരത്തിലൊരാണ് അടുക്കിടെ കേരളത്തിൻ്റെ പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലെകർ. കേരള ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പ് സ്വാതന്ത്ര്യ സമരവും സായുധ പോരാട്ടവും തമ്മിൽ ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സായുധ വിപ്ലവത്തിലൂടെയാണ് രാജ്യം സ്വതന്ത്രമായതെന്നായിരുന്നു അദ്ദേഹത്തിൻ്റെഅവകാശവാദം.
“സത്യാഗ്രഹം നടത്തിയത് കൊണ്ടോ അഹിംസാ സമരം കൊണ്ടോ അല്ല ബ്രിട്ടീഷുകാർ രാജ്യം വിട്ടത്. സാധരാണക്കാരായ ജനങ്ങളുടെ കൈകളിൽ തോക്കും ആയുധങ്ങളും കണ്ടോപ്പാഴാണ്….” – എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പ്രസ്താവന. കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR) സ്വാതന്ത്ര്യത്തിന് പിന്നിൽ അഹിംസയാണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. എന്നാൽ ഇതേകാര്യം സ്വാതന്ത്ര്യ കരാറിൽ ഒപ്പുവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമൻ്റ് ആറ്റ്ലി തന്നെ അവകാശപ്പെട്ടിരുന്നു. സുഭാഷ് ചന്ദ്ര ബോസിൻ്റെ പേര് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം അക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ക്ലമന്റ് അറ്റ്ലിയുടെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച കരാറിൽ ബ്രിട്ടൻ തീരുമാനം എടുക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ആറ്റ്ലി തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 1951ൽ പ്രധാനമന്ത്രി പദം ഒഴിഞ്ഞ അദ്ദേഹം പിന്നീട് 1955 വരെ ബ്രിട്ടനിലെ പ്രതിപക്ഷ നേതാവായിരുന്നു. അതിന് ശേഷം സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അറ്റ്‌ലി 1956ൽ ഒരിക്കൽ കൂടി ഇന്ത്യ സന്ദർശിച്ചു.
ബംഗാളിൻ്റെ തലസ്ഥാനമായ കൊൽക്കത്തയിൽ എത്തിയ അദ്ദേഹത്തിന് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസും അക്കാലത്തെ ബംഗാൾ ആക്ടിങ് ഗവർണ്ണറും ആയിരുന്ന പിബി ചക്രബർത്തിയുടെ ഔദ്യോഗിക വസതിയിലാണ് സർക്കാർക്ക് താമസ സൗകര്യം ഏർപ്പാടാക്കിയിരുന്നത്. അന്ന് രാജ് ഭവനിൽ അറ്റ്ലിയുമായി താൻ നടത്തിയ ദീർഘ സംഭാഷണത്തിന് ഇടയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് കാരണമായ സായുധ പോരാട്ടത്തെപ്പറ്റി മനസ് തുറന്നത്. ഈ സംഭാഷണത്തെപ്പറ്റി ജസ്റ്റിസ് ചക്രബർത്തി പിന്നീട് ചരിത്ര പണ്ഡിതനായ ആർസി മജൂംദാറിന്റെ ‘ഹിസ്റ്ററി ഓഫ് ബംഗാൾ’ എന്ന ഗ്രന്ഥത്തിന്റെ പ്രസാധകർക്ക് എഴുതിയൊരു കത്തിൽ വിവരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് പിന്മാറാനുള്ള ബ്രിട്ടീഷ് തീരുമാനത്തിന് പിന്നിലുള്ള ഗാന്ധിയുടെ സ്വാധീനം എത്രത്തോളമുണ്ടായിരുന്നു എന്ന ചക്രബർത്തിയുടെ ചോദ്യത്തിന് “മിനിമൽ” (minimal) എന്നായിരുന്നു പരിഹാസ ചിരിയോടെ അറ്റ്ലി മറുപടി നൽകിയത്. എന്നാൽ ആ കത്തിൽ എറ്റവും പ്രസക്തമായ മറ്റൊരു കാര്യമുണ്ടായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ കാരണമായ സംഭവ വികാസങ്ങളെപ്പറ്റി അറ്റ്ലി വിശദീകരിച്ച ഭാഗമാണത്. രണ്ടാം ലോക മഹായുദ്ധം ഏൽപ്പിച്ച കനത്ത സൈനികവും സാമ്പത്തികവുമായ ക്ഷീണത്തിൽ നിന്നും കരകയറാൻ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കോളനികൾ നിലനിർത്തുക എന്നത് ബ്രിട്ടനെ സംബന്ധിച്ച് അസാധ്യമായി തീർന്നു എന്ന് പറയുന്ന അറ്റ്ലി മറ്റൊരു വെളിപ്പെടുത്തലും നടത്തിയിരുന്നു.
ചക്രബർത്തിയുടെ ആദ്യ ചോദ്യം ഇതായിരുന്നു രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചു. വീണ്ടും കുറേ കാലം കൂടി ഇന്ത്യയിൽ തുടരാമായിരുന്നു എന്നിരിക്കെ അത് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് 1947 തന്നെ തിരഞ്ഞെടുത്തത് എന്തായിരുന്നു…. എന്തായിരുന്നു ആതീരുമാനത്തിന് പിന്നിൽ?
അറ്റ്ലിയുടെ മറുപടി ‘അതിന് കാരണമായത് സുഭാഷും അദ്ദേഹത്തിൻ്റെ ഐഎൻഎയുമായിരുന്നു’ (It is because of Subhash and his INA) എന്നായിരുന്നു…
ചക്രബർത്തി: എന്തായിരുന്നു പിൻമാറ്റത്തിന് പിന്നിലെ ഗാന്ധിയുടേയും കോൺഗ്രസിൻ്റേയും പങ്ക്? (what is the role of Gandhi and Congress ?)
ആറ്റ്ലി അതിന് മറുപടി പറഞ്ഞത് വെരി വെരി മിനിമൽ എന്നായിരുന്നു. ഞങ്ങൾ പിൻമാറിയത് ഗാന്ധിയും കോൺഗ്രസും കാരണമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (The role was very very Minimal .. It is not because of Gandhi and Congress ,It is because of Subhsh and INA)
രണ്ടാം ലോകയുദ്ധത്തിന് ശേഷം കീഴടങ്ങിയ സുഭാഷ് ചന്ദ്ര ബോസിൻ്റെ ഐഎൻഎ സൈനികരെ 1945ൽ ഇന്ത്യയിലേക്ക് മടക്കി കൊണ്ടു വന്ന് റെഡ് ഫോർട്ടിൽ വെച്ച് പരസ്യ വിചാരണ നടത്തി വധശിക്ഷ വിധിച്ചപ്പോൾ, അതിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ ജനത മുഴുവൻ ഒന്നിച്ച് തെരുവിലിറങ്ങിയത് പരോക്ഷമായി ചൂണ്ടിക്കാട്ടുകയായിരുന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പു വെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പോലും പത്ത് വർഷങ്ങൾക്കപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയെ കുറിച്ചു പറയുമ്പോൾ മറക്കാതെ മനസ്സിൽ സൂക്ഷിച്ചിരുന്ന പേര് അദ്ദേഹത്തിന്റേതായിരുന്നു. സുഭാഷ് ചന്ദ്രബോസിൻ്റേത്.
ചക്രബർത്തിയുടെ കത്തിലെ യഥാർത്ഥത്തിൽ ചർച്ചയാവേണ്ട ഭാഗവും അതായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അതുണ്ടായില്ല. ഇന്ത്യക്ക് സത്യാഗ്രഹവും അഹിംസയും മാത്രമല്ല യുദ്ധവും തോക്കും ബോംബും വഴങ്ങും എന്ന് തെളിയിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരേയൊരു സർവ്വ സൈന്യാധിപനാണ് നേതാജി എന്ന ചരിത്രം പോലും പലരും വിസ്മരിക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ നൂറ്റി ഇരുപത്തിയെട്ടാം ജൻമവാർഷിക ദിനം കടന്ന് പോകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here