നേര് പറഞ്ഞില്ലെങ്കിൽ മോദിക്ക് പണി കൊടുക്കുമെന്ന് സുബ്രമണ്യൻ സ്വാമി!! അമേരിക്ക തന്ന പണം എന്തു ചെയ്തെന്ന് പറഞ്ഞില്ലെങ്കിൽ കോടതികയറ്റും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് എയ്ഡ് (United States Agency for International Development – USAID) 21 ദശലക്ഷം ഡോളർ നൽകിയെന്ന പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന നേരാണോ നുണയാണോ എന്ന് പറയണമെന്ന് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി. നേര് പറഞ്ഞില്ലെങ്കിൽ കോടതി കേറാൻ ഒരുങ്ങിക്കോളു എന്നാണ് സ്വാമിയുടെ ഭീഷണി. മോദിയുമായി നേർക്കുനേർ പോരടിക്കാൻ ധൈര്യം കാണിക്കുന്ന ഏക ബിജെപി നേതാവാണ് സുബ്രമണ്യൻ സ്വാമി.
‘പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് മോദിക്ക് 21 മില്യൺ ഡോളർ കൈമാറിയതെന്ന് അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഇക്കഴിഞ്ഞ ദിവസവും വെളിപ്പെടുത്തി. എങ്കിൽ ആ തുക കൊണ്ട് എന്താണ് മോദി ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയണം. ഇക്കാര്യം സത്യസന്ധമായി വെളിപ്പെടുത്തണം. അല്ലെങ്കിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി നേരിടാൻ തയാറെടുക്കുക. മോദി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണം’ -എന്നാണ് സ്വാമി എക്സിൽ (ട്വിറ്റർ) കുറിച്ചത്.
വിദേശരാഷ്ട്രങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഏജൻസിയാണ് അന്താരാഷ്ട്ര വികസന ഏജൻസി എന്നറിയപ്പെടുന്ന യുഎസ് എയ്ഡ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. വീണ്ടും അധികാരത്തിലെത്തിയ ട്രംപ് ഭരണകൂടം ഈ സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെക്കുറിച്ചുള്ള പ്രസ്താവനകൾക്കിടെയാണ് ഇന്ത്യക്ക് നൽകിയ സാമ്പത്തിക സഹായത്തെക്കുറിച്ച് പ്രധാനമന്ത്രിയെ പരാമർശിച്ച് മൂന്നുവട്ടം പറഞ്ഞത്.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഎസ് ഫണ്ട് ലഭിച്ചെന്ന വിവാദം ബിജെപിയെ തിരിഞ്ഞുകൊത്തുകയാണ്. ഫണ്ട് നല്‍കിയത് സുഹൃത്ത് പ്രധാനമന്ത്രിക്കാണെന്ന യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവന കോണ്‍ഗ്രസ് ആയുധമാക്കി. 21 ദശലക്ഷം ഡോളര്‍ എവിടെപ്പോയെന്നും വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് നടത്തിയത് ഈ പണം കൊണ്ടാണോ എന്നും വക്താവ് പവന്‍ ഖേര ചോദിച്ചിരുന്നു. ഫണ്ട് സ്വീകരിച്ചത് കോൺഗ്രസുമായി ബന്ധപ്പെട്ടവരാണെന്ന് ആരോപിച്ച് വിവാദത്തെ വഴിതിരിച്ചുവിടാൻ തുടക്കത്തിൽ ബിജെപി കേന്ദ്രങ്ങൾ ശ്രമിച്ചിരുന്നു.
ഇതിനിടയിലാണ് പാർട്ടിയിലെ മോദിയുടെ ശത്രുവായ സ്വാമി കിട്ടിയ അവസരം മുതലെടുത്തു കൊണ്ട് രംഗത്തുവരുന്നത്. കിട്ടുന്ന അവസരങ്ങളിലെല്ലാം മോദിയെ ചൊറിയുക എന്നതാണ് സുബ്രമണ്യൻ സ്വാമിയുടെ സ്ഥിരം പരിപാടി. സ്വാമിയുടെ ഭീഷണികളെ മോദി അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ അതത്ര എളുപ്പമാകുമോ എന്ന് കണ്ടറിയണം. രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വത്തിനെതിരെയും മറ്റും സ്വാമി ഫയൽ ചെയ്തിട്ടുള്ള കേസുകൾ കോടതികളിൽ നിലനിൽക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here