‘രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം’; ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായി സുബ്രഹ്മണ്യൻ സ്വാമി

കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കേോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽചെയ്തു. രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകണമെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രാഹുലിന്റെ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ സത്യ സബ്ഹർവാൾ പറഞ്ഞു. 2003ൽ ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധി. കമ്പനി സമർപ്പിച്ച വാർഷിക റിട്ടേണിൽ രാഹുൽ ബ്രിട്ടീഷ് പൗരത്വമുള്ള ആളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സ്വാമി അതിൽ പറഞ്ഞിരുന്നു.
2009ൽ പ്രവർത്തനം അവസാനിപ്പിച്ച മറ്റൊരു കമ്പനിയുടെ രേഖകളിലും രാഹുലിൻ്റെ പേരുണ്ട്. ഇതിലും രാഹുലിനെ ബ്രിട്ടീഷ് പൗരനായാണ് കാണിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9ന്റെയും 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെയും ലംഘനമാണ് ഇതെന്നും സ്വാമി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 29ന് രാഹുലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതിനാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമിയുടെ പൊതുതാൽപര്യ ഹർജി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here