മോദി ഷാരൂഖ്ഖാനെയും ഖത്തറിലേക്ക് കൂട്ടണം; നാവികരെ രക്ഷിച്ചത് നടന്റെ ഇടപെടല്‍; വെളിപ്പെടുത്തലുമായി സുബ്രഹ്‌മണ്യ സ്വാമി

ഡല്‍ഹി : ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞ നാവികരെ രക്ഷിച്ചത് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖാനാണെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമി. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് സ്വാമി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇ, ഖത്തര്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച പോസ്റ്റിനുള്ള മറുപടിയായാണ് സുബ്രഹ്‌മണ്യ സ്വാമി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഖത്തറിലേക്ക് പോകുന്ന പ്രധാനമന്ത്രി ഷാരൂഖ് ഖാനെയും ഒപ്പം കൂട്ടണമെന്നാണ് സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റേയും ഇടപെടലുകള്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി ഷാരൂഖ് ഖാനോട് ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചുവെന്നുമാണ് സ്വാമി പറയുന്നത്. ഷാരൂഖിന്റെ ഇടപെടലിലൂടെയാണ് ഖത്തര്‍ ഭരണാധികാരി ഇന്ത്യന്‍ നാവികരെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

വധശിക്ഷ ലഭിച്ച് ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളിയടക്കം എട്ടുപേരെയാണ് വിട്ടയക്കാന്‍ ഖത്തര്‍ അമീര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ദഹ്റ ഗ്ലോബല്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇവരെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഖത്തര്‍ വധശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് തടവിലായത്. നയതന്ത്രതലത്തില്‍ ഇടപെടലുകള്‍ നടത്തിയാണ് ഇവരുടെ മോചനം സാധ്യമായതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. യുഎഇ സന്ദര്‍ശനത്തിനായി എത്തുന്ന നരേന്ദ്രമോദി ഖത്തര്‍ സന്ദര്‍ശിച്ച് ഭരണാധികാരിക്ക് നേരിട്ട് നന്ദി അറിയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതേ ഘട്ടത്തില്‍ തന്നെയാണ് സുബ്രഹ്‌മണ്യ സ്വാമിയുടെ വെളിപ്പെടുത്തലും വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top