ഇത്ര മനസാക്ഷിയുള്ള കള്ളനോ !! ‘ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു’; മോഷണവണ്ടി ഉടമയ്ക്ക് തിരികെ നൽകാൻ കുറിപ്പ്
മോഷ്ടിച്ച വാഹനം ഉപേക്ഷിച്ച ശേഷം യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള സൂചനയുമായി കുറിപ്പുകൾ എഴുതി കള്ളൻ. ബിക്കാനീറിലെ നപസാറിലാണ് സംഭവം. ഡൽഹിയിൽ നിന്നും മോഷ്ടിക്കപ്പെട്ട സ്കോർപിയോ നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത നിലയിലാണ് രാജസ്ഥാനില്‍ കണ്ടെത്തിയത്. കാറിൻ്റെ ഉടമയെ കണ്ടെത്താൻ പോലീസിനെ സഹായിക്കുന്ന കുറിപ്പുകളും വാഹനത്തിൽ ഉണ്ടായിരുന്നു. സ്കോർപിയോയുടെ പിൻവശത്തെ ഗ്ലാസിലാണ് ഡൽഹിയിലെ പാലം കോളനിയിലുള്ള ഉടമയെ കണ്ടെത്താൻ സഹായിച്ച കുറിപ്പുകൾ ഒട്ടിച്ചിരുന്നത്.
വാഹനം ഡൽഹിയിൽ നിന്നും മോഷ്ടിച്ചതാണെന്നും വണ്ടി നമ്പർ DL 9 CA Z2937 ആണെന്നുമാണ് ഒരു കുറിപ്പിൽ ഉണ്ടായിരുന്നത്. ‘ഞാൻ എൻ്റെ ഇന്ത്യയെ സ്നേഹിക്കുന്നു’- എന്നായിരുന്നു രണ്ടാമത്തെ കുറിപ്പ്. ‘ഈ കാർ ഡൽഹിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ്. ദയവായി പോലീസിനെ അടിയന്തിരമായി വിളിച്ച് വിവരം അറിയിക്കുക’- എന്നായിരുന്നു മൂന്നാമത്തെ കുറിപ്പ്.
വാഹനം മോഷണം പോയതിന് പിന്നാലെ ഉടമ വിനയ് കുമാർ നൽകിയ പരാതിയിൽ ഒക്ടോബർ 10ന് ഡൽഹി പോലീസ് കേസെടുത്തിരുന്നു. മോഷ്ടിക്കപ്പെട്ട സ്ഥലത്തു നിന്നും 450 കിമി അകലെയാണ് കാർ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പോലീസ് പറഞ്ഞു.
“വാഹന ഉടമ വിനയ് കുമാറിനൊപ്പം ഡൽഹി പോലീസിൻ്റെ ഒരു സംഘം ബിക്കാനീറിൽ എത്തിയിട്ടുണ്ട്. ഞങ്ങൾ വാഹനം ഡൽഹി പോലീസിന് കൈമാറുകയാണ്. ഈ വാഹനം ഒരു കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചോ ഇല്ലയോ എന്ന് ഞങ്ങൾക്ക് പറയാനാവില്ല. അത് അന്വേഷണ വിഷയമാകും. മോഷ്ടിച്ച വാഹനവുമായി ബന്ധപ്പെട്ട എഫ്ഐആർ ഡൽഹിയിൽ രജിസ്റ്റർ ചെയ്തതിനാൽ ഡൽഹി പോലിസ് അത് അന്വേഷിക്കും”” – നപസർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ജസ്‌വീർ സിംഗ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here