കുഞ്ഞിനെ കൊന്നതില്‍ പശ്ചാത്താപമില്ലാതെ സൂചന; കുറ്റം നിഷേധിച്ച് പ്രതി
ഗോവ: മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ പ്രതിയായ സൂചന സേത്ത് കുറ്റകൃത്യം ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ വന്നു കാണാന്‍ ഭര്‍ത്താവായിരുന്ന വെങ്കട് രാമനോട് ആവശ്യപ്പെട്ടതായി കണ്ടെത്തി. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും, ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചതായി കണ്ടെന്നും സൂചന പറഞ്ഞു. അതേസമയം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ സൂചന യാതൊരു കുറ്റബോധവും പ്രകടിപ്പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ജനുവരി 6ന് ഗോവയിലെത്തിയ സൂചന, കുട്ടിയെ വന്നു കാണാന്‍ ഭര്‍ത്താവായിരുന്ന വെങ്കടിന് മൊബൈല്‍ സന്ദേശം അയച്ചു. കുട്ടിയുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. അന്നേദിവസം വെങ്കട് ഇന്തോനേഷ്യയിലേക്ക് പോയി.
2020ലാണ് സൂചനയും ഭര്‍ത്താവും വേര്‍പിരിയാന്‍ തയ്യാറായത്. 2022 ഓഗസ്റ്റില്‍ വെങ്കട് രാമനെതിരെ സൂചന ഗാർഹിക പീഡന കേസ് ഫയൽ ചെയ്തു. തന്നെയും മകനെയും ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് പൂര്‍ണ്ണമായും വെങ്കട് നിഷേധിച്ചു. ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ള വെങ്കടില്‍ നിന്ന് പ്രതിമാസം 2.5 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടു. ഭാര്യയുടെ വീട്ടില്‍ പോകുന്നതും കുട്ടിയുമായി ബന്ധപ്പെടുന്നതും വെങ്കടിനെ കോടതി വിലക്കി. പിന്നീട് കുട്ടിയെ കാണുന്നതിനുള്ള അവകാശം കോടതി നല്‍കി. ഇത് സൂചനയെ അസ്വസ്ഥയാക്കിയിരുന്നു.
കുഞ്ഞിന്‍റെ മരണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ നിസ്സാര മനോഭാവത്തോടെയാണ് സൂചനയുടെ മറുപടി എന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തില്‍ യാതൊരു പാശ്ചാത്താപവും പ്രതി പ്രകടിപ്പിച്ചിട്ടില്ല. അന്വേഷണത്തില്‍ ഡോസ് കൂടിയ സിറപ്പുകള്‍ മുറിയില്‍ നിന്ന് കണ്ടെത്തി. കുട്ടിക്ക് അമിതമായ അളവിൽ മരുന്ന് നല്‍കി മയക്കത്തിലാക്കിയശേഷം തലയണയോ ബെഡ് ഷീറ്റോ ഉപയോഗിച്ച് കൊലപ്പെടുത്തിയത് ആകാമെന്ന് പോലീസ് കരുതുന്നു. സൂചന ഗോവയില്‍ പതിവായി പോകാറുണ്ടെന്നും കഴിഞ്ഞ മാസം സന്ദര്‍ശിച്ചതായും പോലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here