ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചിത്രം ഗുഡ്‌ബൈ ജൂലിയ; മേള വെള്ളിയാഴ്ച ആരംഭിക്കും
തിരുവനന്തപുരം : ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം ഗുഡ്‌ബൈ ജൂലിയ. മുഹമ്മദ് കൊര്‍ദോഫാനി എന്ന സുഡാനിയന്‍ ചലച്ചിത്രകാരന്റെ ആദ്യ ചിത്രമാണ് ഗുഡ്‌ബൈ ജൂലിയ. ഡിസംബര്‍ എട്ടിന് മേളയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011 ലെ സുഡാന്‍ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിര്‍മിക്കപ്പെട്ടതാണ് ചിത്രം. മോന എന്ന ഗായികയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാര്‍ന്ന പ്രവിശ്യകളില്‍ നിന്നുള്ള രണ്ടു സ്ത്രീകള്‍, അവരുടെ ജീവിതങ്ങള്‍ എങ്ങനെ ഇഴചേര്‍ന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ യുദ്ധഭൂമികയില്‍ മനുഷ്യര്‍ നേരിടുന്ന പല പ്രശ്‌നങ്ങളെയും തിരശീലയിലെത്തിക്കാന്‍ സംവിധാനമികവിലൂടെ മുഹമ്മദ് കൊര്‍ദോഫാനി സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാന്‍ ചലച്ചിത്ര മേളയില്‍ ഫ്രീഡം അവാര്‍ഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയുമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here