മുഖ്യമന്ത്രി ആര്‍ഭാടത്തില്‍ ആറാടുന്ന അഭിനവ നീറോ ചക്രവര്‍ത്തി, ജനം മുക്കാലിയില്‍ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ല; കെ.സുധാകരന്‍

തിരുവനന്തപുരം : ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുന്നതിനു പകരം ആര്‍ഭാടത്തില്‍ ആറാടുന്ന അഭിനവ നീറോ ചക്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രി ഓരോ ദിവസവും ഇത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ പിണറായിയെ വാഴ്ത്താന്‍ നഗരത്തില്‍ 27 കോടിരൂപയുടെ കേരളീയം മാമാങ്കം നടത്തുന്നവരെ ജനം മുക്കാലിയില്‍ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ല.

നെല്ലു സംഭരിക്കാനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും പണം ചോദിക്കുമ്പോള്‍ ധനമന്ത്രി കൈമലര്‍ത്തും. കൊയ്യാനുള്ള നെല്ലു വരെ ഈടുവച്ച് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സപ്‌ളൈക്കോ കടമെടുത്ത പണം തിരിച്ചടച്ചാലേ ഈ വര്‍ഷം നെല്ലു സംഭരണം നടക്കൂ. അതിനായി സിപിഐ മന്ത്രിമാര്‍ യാചിച്ചെങ്കിലും ധനമന്ത്രി കൈമലര്‍ത്തി. കരുവന്നൂര്‍ ബാങ്കില്‍ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന പാവപ്പെട്ടവരുടെ പണം തിരിച്ചുനല്‍കാനും പണമില്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി 570 കോടി നല്‍കാനും സ്പീക്കര്‍ക്ക് വിദേശയാത്രപ്പടിയായി 33 ലക്ഷം രൂപ നല്‍കാനും ഇഷ്ടംപോലെ പണമുണ്ട്.

സാധാരണക്കാരന്റെ കഴുത്തറക്കും വിധം നികുതി വര്‍ധിപ്പിച്ച് പിരിച്ചെടുക്കുന്ന പണമാണ് പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത്. നവകേരള സദസ് പാര്‍ട്ടിക്കാര്‍ക്ക് നാട്ടുകാരെ കുത്തിനു പിടിച്ച്‌ പണം പിരിച്ചെടുക്കുന്നതിനുളള അവസരമൊരുക്കുകയാണ്. പിണറായി വിജയന്റെ ജനസദസിനും മോദിയുടെ വികസിത് ഭാരത് സങ്കല്പയാത്രക്കും പിന്നിലെ ഉദ്ദേശ്യം സര്‍ക്കാര്‍ ചെലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. 7 വര്‍ഷം കേരളം ഭരിച്ചിട്ടും പറയാന്‍ ഒരു നേട്ടവുമില്ലാത്ത മുഖ്യമന്ത്രി തന്റെ ഏറ്റവും വികൃതമായ മുഖം മിനുക്കാന്‍ നികുതിപ്പണമെടുത്ത് മനസാക്ഷിക്കുത്തില്ലാതെ ചെലവാക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top