കളമശ്ശേരി സ്ഫോടനം: ഗുരുതര ഇന്റലിജന്‍സ് വീഴ്ച, ബോംബ് കൊണ്ടുവരികയോ നിര്‍മ്മിക്കുകയോ ചെയ്തിട്ടും കണ്ടെത്താനായില്ല: കെ.സുധാകരന്‍

തിരുവനന്തപുരം : കളമശ്ശേരി സ്ഫോടനം ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്‍സിന്റെയും ഗുരുതര വീഴ്ച മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കേരളംപോലൊരു സംസ്ഥാനത്ത് ബോംബ് കൊണ്ടുവരികയോ നിര്‍മ്മിക്കുകയോ ചെയ്യാനും സ്‌ഫോടനം നടപ്പാക്കാനും വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഇത് കണ്ടെത്തുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഇന്റലിജന്‍സിനു സംഭവിച്ചത്. സംഭവത്തില്‍ ആഭ്യന്തരവകുപ്പിന്റെ ജാഗ്രതക്കുറവ് പ്രകടമാണ്. ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്തായി കരുതപ്പെടുന്ന കേരളത്തിന് വലിയ കളങ്കമുണ്ടാക്കിയതായും സുധാകരന്‍ പറഞ്ഞു.

ശക്തമായ അന്വേഷണം നടത്തി ഈ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പിഴവുകളില്ലാതെ സ്വീകരിക്കണം. സ്വന്തം സുരക്ഷ അടിക്കടി വര്‍ദ്ധിപ്പിക്കുന്ന പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് ഓരോ ദിവസവും വ്യക്തമാവുകയാണ്.ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഫോടനം നടത്തിയവരുടെ ലക്ഷ്യം മനുഷ്യര്‍ തമ്മില്‍ത്തല്ലി ഒടുങ്ങണമെന്നാണ്. ബോംബിനേക്കാള്‍ മാരകമായ കുപ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടരുതെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top