പിണറായി രാജാപ്പാര്‍ട്ട് കെട്ടുന്നു; കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ല; കെ സുധാകരന്‍

തിരുവനന്തപുരം : ജനസമ്പര്‍ക്ക പരിപാടി നടത്തിയ ഉമ്മന്‍ചാണ്ടിയെ കല്ലെറിയുകയും പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ ജനങ്ങളെ ആക്രമിക്കുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്ത പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയുടെ കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയില്‍ പാവപ്പെട്ടവര്‍ക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്കുകയോ ചെയ്തിട്ടില്ല. ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ 11.45 ലക്ഷം പരാതികള്‍ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തു എന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാര്‍ട്ട് കെട്ടുകയാണ് പിണറായി വിജയന്‍. നൂറു ജന്മമെടുത്താലും ഉമ്മന്‍ ചാണ്ടിയാകാന്‍ പിണറായി വിജയനു സാധിക്കില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.
യുഡിഎഫ് ഭരണമെങ്കില്‍ ഇന്നു കാണുന്ന വികസനം സാധ്യമാകുമോയെന്ന് ചോദിക്കാന്‍ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം. യുഡിഎഫ് കൊണ്ടുവന്നതല്ലാതെ ഒന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന് യാതൊരു ഉളുപ്പും ഇല്ലായിരുന്നു. മുഖ്യമന്ത്രി പൊക്കിക്കാട്ടുന്ന വികസനം സംഭവിക്കുന്നത് സിപിഎമ്മിലും അദ്ദേഹത്തിന്റെ കുടുംബത്തിലുമാണെന്നും സുധാകരന്‍ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here