സര്‍ക്കാരിന് 69 കോടിയുടെ ധൂര്‍ത്ത്; ജനം പത്തലുമായി എത്തിയാലും അത്ഭുതപ്പെടാനില്ല, കെ.സുധാകരന്‍

തിരുവനന്തപുരം : ജനങ്ങള്‍ അതീവ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരും പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിഞ്ഞെടുക്കുന്നത്. സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.140 നിയോജകമണ്ഡലങ്ങളിലും തകൃതിയായ പിരിവാണ് നടക്കുന്നത്. ഗ്രാമീണ മണ്ഡലത്തില്‍നിന്ന് 25 ലക്ഷവും നഗരമണ്ഡലത്തില്‍നിന്ന് 30 ലക്ഷവുമാണ് ലക്ഷ്യം. സിപിഎം നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോള്‍ പിരിവിനു പിന്നാലെ ഭ്രാന്തമായി പായുകയാണ്. പിരിവിന് രസീതില്ലാത്തതിനാല്‍ ആര്‍ക്കും എന്തുമാകാമെന്നതാണ് അവസ്ഥ. ആളുകളുടെ കുത്തിനു പിടിച്ചും ഭീഷണിപ്പെടുത്തിയുമാണ് പലയിടത്തും പിരിവ് നടക്കുന്നത്.
നവകേരള സദസിന് 5000 പേരെയും 250 പൗരപ്രമുഖരേയും സംഘടപ്പിക്കണമെന്നാണ് നിര്‍ദേശം. അവര്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ഘോഷിക്കുന്ന സര്‍ക്കാരിന്റെ നേട്ടങ്ങളെല്ലാം വയറുനിറയെ കേള്‍ക്കാം എന്നതാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. തിരിച്ചു ചോദ്യങ്ങളോ സംവാദങ്ങളോ പാടില്ലെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കമെന്ന ഉള്‍വിളി ഉണ്ടായത്. പര്യടനത്തിന് കെഎസ്ആര്‍ടിസുടെ ബസ് കാരവന്‍ മോഡലില്‍ തയാറാക്കുകയാണ്. . അപ്പോഴും 40 അകമ്പടി വാഹനങ്ങള്‍ നിര്‍ബന്ധമാണെന്നും സുധാകരന്‍ പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here